‘മാതാപിതാക്കളും സഹോദരനും നേരത്തെ മരിച്ചു; താമസം തനിച്ച്: ഒപ്പമുണ്ടായിരുന്നത് നാട് മാത്രം’

പത്തനംതിട്ട: ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമൻ (34) മുങ്ങി മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായെന്ന് കലക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വകുപ്പുകളുടെ ഏകോപനത്തിലും രക്ഷാപ്രവര്‍ത്തനത്തിലും വീഴ്ചയുണ്ടായി. മോക്ഡ്രില്‍ നടത്തിയത് നിശ്ചയിച്ച സ്ഥലത്തുനിന്ന് നാലു കിലോമീറ്റര്‍ മാറിയാണ്. സ്ഥലം മാറ്റിയ വിവരം ചുമതലയുണ്ടായിരുന്ന തഹസില്‍ദാരെ പോലും അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാതാപിതാക്കളുടെയും സഹോദരന്റെയും മരണത്തിനു ശേഷം വർഷങ്ങളായി ഒറ്റയ്ക്കു താമസിച്ചിരുന്ന ബിനു സോമന്റെ ആഘോഷങ്ങളെല്ലാം നാട്ടുകാർക്കൊപ്പമായിരുന്നു. നെയ്യാറ്റിൻകരയിൽനിന്നു 36 വർഷം മുൻപാണ് ബിനുവിന്റെ കുടുംബം ടാപ്പിങ് ജോലികൾക്കായി തുരുത്തിക്കാട് പ്രദേശത്ത് എത്തുന്നത്.

20 വർഷം മുൻപ് പിതാവ് സോമൻ കരൾ രോഗം ബാധിച്ചും 10 വർഷം മുൻപ് അമ്മ വിജയകുമാരി പൊള്ളലേറ്റും മരിച്ചു. 4 വർഷം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ സഹോദരൻ വിനോദും മരിച്ചതോടെ ബിനു തനിച്ചായി. പിന്നീട് നാട്ടുകാരായിരുന്നു ബിനുവിന്റെ എല്ലാം. ഏക സഹോദരി വിനീത വിദേശത്തായതിനാൽ ബിനുവിന്റെ സംസ്കാരത്തിൽ പങ്കെടുക്കാനായില്ല. ഇന്നലെ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിനരികിൽ അടുത്ത ബന്ധുക്കളായി ഉണ്ടായിരുന്നത് സഹോദരി ഭർത്താവ് പ്രിൻസ് കുര്യാക്കോസും മറ്റ് ഏതാനും പേരും മാത്രമാണ്.

ബിനു 45 മിനിറ്റോളം വെള്ളത്തിനടിയിൽ കിടന്നതായും യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മുൻകരുതൽ സ്വീകരിക്കാതെയുള്ള മോക് ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു

നാട്ടിൽ ഏതു പരിപാടി നിശ്ചയിച്ചാലും സംഘാടകർ ആദ്യമെത്തിയിരുന്നത് ബിനുവിന്റെ വീട്ടിലേക്കായിരുന്നു. സ്കൂൾ കലോത്സവം, കേരളോത്സവം തുടങ്ങി എല്ലാ ആഘോഷങ്ങളുടെയും സംഘാടക സമിതിയിലെ അവിഭാജ്യഘടകമായിരുന്നു ബിനു. ബിനുവിന്റെ വിയോഗവും ഇത്തരത്തിൽ നാടിനായി സംഘടിപ്പിച്ച ഒരു പരിപാടിയിലായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!