ജിദ്ദയിൽ പരക്കെ മഴയും ഇടിയും മിന്നലും, കൂടുതൽ സ്ഥലങ്ങളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സഊദിയിലെ ജിദ്ദയിൽ ഇന്ന് വൈകുന്നേരം മുതൽ പരക്കെ മഴയും ഇടിയും മിന്നലും ആരംഭിച്ചു. മഴ നാളെയും ശക്തമാകാൻ സാധ്യതയുള്ളതിനാൽ മക്ക, ജിദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ മദ്രസത്തി പ്ലാറ്റ് ഫോം വഴിയുള്ള ഓണ്ലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്ന് മക്ക മേഖല ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ജിദ്ദയിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതായി മൊബൈൽ ഫോണുകളിൽ അലേർട്ട് മെസേജുകൾ വന്നു തുടങ്ങി.

മക്ക, അൽ ജുമും, അൽ-കാമിൽ, ബഹ്‌റ, അൽ-ലൈത്ത്, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലും നാളെ യുണിവേഴ്സിറ്റികളടക്കുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിവരെ മക്ക മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.

മക്ക, അല്‍ബാഹ, അല്‍ഖസീം, മദീന, കിഴക്കന്‍ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അല്‍ജൗഫ്, ഹായില്‍, തബൂക്ക് പ്രവിശ്യകളിലും റിയാദ് പ്രവിശ്യയുടെ ചില ഭാഗങ്ങളിലും  ബുധനാഴ്ച വരെ കനത്ത മഴക്കും വെള്ളത്തിൻ്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്.

അസീര്‍, ജിസാന്‍, നജ്‌റാന്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ ബുധനാഴ്ച വരെ മഴക്കു സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഞ്ഞുവീഴ്ച വർധിക്കും. അല്‍ഖസീം, റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മഴക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ സേനയും അറിയിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!