മലേഷ്യയിലെ വിസ രഹിത പ്രവേശനം ഡിസംബർ 31ന് അവസാനിക്കും; ജനുവരി ഒന്ന് മുതൽ വിസ നിർബന്ധം

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മലേഷ്യയിൽ അനുവദിച്ചിരുന്ന 30 ദിവസത്തെ വിസ രഹിത പ്രവേശന സൗകര്യം 2026 ഡിസംബർ 31-ന് അവസാനിക്കുമെന്ന് മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇതോടെ 2027 ജനുവരി ഒന്ന് മുതൽ മലേഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മുൻകൂർ വിസ നിർബന്ധമാകും.

പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതിന്റെ മുന്നോടിയായി 2026 ഡിസംബർ ഒന്ന് മുതൽ ഓൺലൈൻ വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.

വിസ രഹിത പ്രവേശന സൗകര്യം തൊഴിൽ തേടുന്നതിനായി ചിലർ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് മലേഷ്യൻ അധികൃതരുടെ ഈ തീരുമാനമെന്നാണ് സൂചന. വ്യാജ ജോലി വാഗ്ദാനങ്ങളുമായി വരുന്ന ഏജന്റുമാരുടെ കെണിയിൽ വീണ് അനധികൃതമായി തൊഴിലെടുക്കാനും തങ്ങാനും ശ്രമിക്കുന്നതിനെതിരെ നേരത്തെ മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിസ രഹിത സൗകര്യം ടൂറിസം, സാമൂഹിക സന്ദർശനം, ബിസിനസ്സ്, ട്രാൻസിറ്റ് എന്നിവയ്ക്ക് മാത്രമുള്ളതായിരുന്നുവെന്നും തൊഴിൽ അനുമതി നൽകുന്നതായിരുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2027 ജനുവരി ഒന്ന് മുതലുള്ള യാത്രകൾക്കായി മലേഷ്യയുടെ ഔദ്യോഗിക ‘മൈവിസ’ (MyVISA) പോർട്ടൽ വഴി 2026 ഡിസംബർ ഒന്ന് മുതൽ അപേക്ഷിക്കാം. വിസ പ്രോസസ്സിംഗ് ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കില്ല. അപേക്ഷ നിരസിക്കപ്പെട്ടാലോ, യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയാലോ, നയങ്ങളിൽ മാറ്റമുണ്ടായാലോ ഫീസ് മടക്കി നൽകുന്നതല്ലെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. ‘ന്യൂ ആപ്ലിക്കേഷൻ’ അല്ലെങ്കിൽ ‘പെൻഡിംഗ് പേയ്‌മെന്റ്’ വിഭാഗങ്ങളിൽ ഏഴ് പ്രവൃത്തി ദിവസത്തിലധികം തുടരുന്ന അപേക്ഷകൾ സ്വമേധയാ റദ്ദാക്കപ്പെടും. ഇത്തരം സന്ദർഭങ്ങളിൽ പുതുക്കിയ അപേക്ഷാ ഫോം ഉപയോഗിച്ച് വീണ്ടും അപേക്ഷിക്കേണ്ടിവരും. കൂടാതെ, യാത്രക്കാർ തങ്ങുന്ന മുഴുവൻ കാലയളവിലേക്കും ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ ഇമിഗ്രേഷൻ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വിദേശ സന്ദർശകർക്ക് ലഭിക്കുന്ന ചികിത്സാ ചെലവുകൾ സ്വയം വഹിക്കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

വിസ രഹിത സൗകര്യം നിലവിൽ വന്നതിന് പിന്നാലെ മലേഷ്യയിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഒഴുക്ക് വലിയ തോതിൽ വർദ്ധിച്ചിരുന്നു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 7.38 ലക്ഷം ഇന്ത്യൻ സഞ്ചാരികൾ മലേഷ്യ സന്ദർശിച്ചതായി ടൂറിസം മലേഷ്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ചൈന, സിംഗപ്പൂർ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവയ്ക്കൊപ്പം മലേഷ്യയുടെ പ്രധാന ടൂറിസം വിപണികളിലൊന്നായി ഇന്ത്യ മാറിയിരുന്നു.

ഡിസംബർ 31 വരെ നിലവിലുള്ള വിസ രഹിത സൗകര്യം പ്രയോജനപ്പെടുത്തുന്ന യാത്രക്കാർക്ക് കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസ സൗകര്യത്തിന്റെ രേഖകൾ, യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് സമർപ്പിച്ചിരിക്കേണ്ട മലേഷ്യ ഡിജിറ്റൽ അറൈവൽ കാർഡ് (MDAC) എന്നിവ നിർബന്ധമാണ്. മലേഷ്യൻ സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവേശന നിബന്ധനകളിൽ ഏത് സമയത്തും മാറ്റങ്ങൾ വരുത്താൻ അധികാരമുണ്ടെന്നും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

….

Share