അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 1-ാം പ്രതി കെ.വി. സുമേഷ്, 3-ാം പ്രതി അനൂപ്, 7-ാം പ്രതി പവിത്രൻ, 9-ാം പ്രതി മനോഹരൻ, 10-ാം പ്രതി എം.വി. ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികൾക്ക് രണ്ടുവർഷം തടവുശിക്ഷയാണ് വിധിച്ചത്. കേസിൽ നിയമ പോരാട്ടം തുടരും എന്ന് ഷുക്കൂറിൻ്റെ കുടുംബം പറഞ്ഞു.

കേസിൽ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പടെ 18 പേരെയാണ് കോടതി വെറുതെ വിട്ടത്. 13 പേരെ കുറ്റക്കാരെന്നും കണ്ടെത്തി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി പി. ശബരീനാഥനാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിൽ പി. ജയരാജൻ 32ാം പ്രതിയും ടി.വി. രാജേഷ് 33ാം പ്രതിയുമാണ്.

കേസിൽ 14 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2012 ഫെബ്രുവരി 20 ന് ആണ് പ്രാദേശിക യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനം തളിപ്പറമ്പ് അരിയിലിന് സമീപം വച്ച് ആക്രമിച്ചതിലെ പ്രകോപനമായിരുന്നു കാരണം എന്നായിരുന്നു കേസ്.

ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ പി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ. ഈ പതിമൂന്ന് പേർക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് കോടതി കണ്ടെത്തിയിരുന്നു.

Share