‘തിരിച്ചറിവ് നല്ലതാണ്; പക്ഷേ, ചന്ദനക്കുറി പരാമര്‍ശത്തിന് മാപ്പ് പറയണം’: പത്മജയുടെ തിരിച്ചുവരവിൽ എതിർപ്പുമായി ഒരു വിഭാഗം

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ചെയ്യുമ്പോള്‍ കടുത്ത എതിര്‍പ്പാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍, എഴുത്തുകാരി സുധാ മേനോന്‍ തുടങ്ങിയവര്‍ പത്മജയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് പോയതെന്ന് പറയുന്നത് നുണയാണെന്ന് എഴുത്തുകാരി സുധാ മേനോന്‍ പറയുന്നു. ‘കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചന്ദനക്കുറി ഇടാന്‍ പോലും ഭയമാകുന്നു’ എന്ന പത്മജയുടെ പഴയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുധാ മേനാന്‍ സമൂഹമാധ്യമത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

അത്തരത്തില്‍ ഏറ്റവും അപകടകരമായ പ്രസ്താവന നടത്തുക വഴി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ‘ഖാന്‍ഗ്രസ്’ ആണെന്ന സംഘി നരേറ്റീവിന് ഇന്ത്യ മുഴുവന്‍ ആവോളം സോഷ്യല്‍ ലെജിറ്റിമസി കൊടുത്ത ഒരാള്‍, ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് പോയതെന്ന് ഇന്ന് പറയുന്നത് നുണ അല്ലേ? എന്ന് സുധാ മേനോന്‍ ചോദിക്കുന്നു. തിരിച്ചറിവ് എത്ര വൈകിയാലും നല്ലതാണ്. പക്ഷേ, ആ ചന്ദനക്കുറി പരാമര്‍ശത്തിന് എങ്കിലും അവര്‍ കേരളീയ ജനതയോടും പാര്‍ട്ടിയോടും മാപ്പ് പറയണമെന്നും സുധാ മേനോന്‍ കുറിക്കുന്നു.

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ പത്മജക്ക് വീണ്ടും ബിജെപിയില്‍ ‘അവഗണന’ തോന്നുന്നത് സ്വാഭാവികമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണിന്റെ സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു. പത്മജ കോണ്‍ഗ്രസ് വിട്ടുപോയതിനിപ്പുറം അവര്‍ മത്സരിച്ചു പരാജയപ്പെട്ട തൃശ്ശൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. പത്മജക്ക് ഒരൊറ്റ പ്രവര്‍ത്തകരേയോ അനുഭാവിയേയോ കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലും അന്നവര്‍ കൊണ്ടുപോയത് കെ കരുണാകരന്‍ എന്ന എക്കാലത്തേയും ലീഡറുടെ പൊളിറ്റിക്കല്‍ ലെഗസി ആയിരുന്നു. അച്ഛന്റെ മരണശേഷം അത്രയും അപമാനം ആ മനുഷ്യന് നല്‍കാന്‍ മാത്രം ഈ മകള്‍ക്ക് കഴിഞ്ഞു

Share