അടിയന്തിര സദ്യയ്ക്ക് ബീഫ് വിളമ്പിയില്ല; വയോധികൻ്റെ പല്ല് അടിച്ചു തെറിപ്പിച്ച പ്രതി പിടിയിൽ

ആലപ്പുഴ: മരണാനന്തര ചടങ്ങിനിടെ അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിന് വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ. പള്ളിപ്പുറം വള്ളിക്കാട്ടു കോളനി സ്വദേശി ശ്യാം കുമാർ ആണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാളെ തൃശൂരിൽ നിന്നാണ് ചേർത്തല പൊലീസ് പൊക്കിയത്.

ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തിരത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയിരുന്നു. എന്നാൽ ബീഫ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഭക്ഷണം വിളമ്പിയ വയോധികന്റെ മുഖത്തടിച്ചത്. ആക്രമണത്തിൽ വയോധികൻ്റെ പല്ല് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അതിക്രമം.

സംഭവം നടന്നതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.

Share