പാന്റ്സിൽ തേച്ചുപിടിപ്പിച്ചു, കാപ്സ്യൂൾ ശരീരത്തിൽ; കരിപ്പൂരിൽ 1.66 കോടിയുടെ സ്വർണക്കടത്ത്, രണ്ടുപേർ അറസ്റ്റിൽ

കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സ് ധരിച്ചെത്തിയ യാത്രക്കാരനും ശരീരത്തിൽ സ്വർണമിശ്രിതം ഒളിപ്പിച്ചെത്തിയ യാത്രക്കാരനും വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടിയിൽ. ഇരുവരിലും നിന്നായി 1.66 കോടി രൂപയുടെ സ്വർണം കണ്ടെടുത്തു. പിടിയിലായവരെ പിടിച്ചെടുത്ത സ്വർണമുൾപ്പെടെ തുടർ നടപടികൾക്കായി കസ്റ്റംസിനു കൈമാറി.

ദുബായിൽ നിന്നു സ്വർണം തേച്ച പാന്റ്സ് ധരിച്ചെത്തിയ കോഴിക്കോട് വളയം സ്വദേശി അൽഅമീൻ‌ (24) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു സ്വർണം വാങ്ങാനെത്തിയ നാദാപുരം സ്വദേശികളായ എം.ഹാരിസ് (36), പി.ടി.ഹാരിസ് (38) എന്നിവരെ കസ്റ്റഡിയിലെടുത്തു. 65 ലക്ഷം രൂപയുടെ സ്വർണമാണ് അൽഅമീനിൽ നിന്നു പൊലീസ് വേർതിരിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാനാണ് (29) ശരീരത്തിൽ സ്വർണമിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. മൂന്നു കാപ്സ്യൂളുകളിലായി 790.5 ഗ്രാം മിശ്രിതമാണു ലഭിച്ചത്. കസ്റ്റംസിനു കൈമാറിയ ഈ മിശ്രിതത്തിൽനിന്ന് 1.01 കോടി രൂപയുടെ 735 ഗ്രാം സ്വർണം ലഭിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു.

Share