വെബ് സീരീസ് കാണാന്‍ ഒരു രൂപ മുടക്കി; നഷ്ടമായത് 72,000 രൂപ; വ്യാപക സൈബർ തട്ടിപ്പ്

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വ്യാപക സൈബർ തട്ടിപ്പ്. കൊച്ചി ഇടപ്പള്ളിയിലെ ഡോക്ടറിൽ നിന്ന് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതി ഓൺലൈൻ ട്രേഡിങ് വാഗ്ദാനം നൽകി ഒരു കോടി 57 ലക്ഷം രൂപ തട്ടിയെടുത്തു. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സ്‌ത്രീ ദുബായ് അസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞ കാലവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഡോക്ടർ പരാതിപ്പെടുകയായിരുന്നു. കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തട്ടിപ്പുകാരെന്ന് അറിയാതെ ഓൺലൈനിൽ പാർട്ട് ടൈം ജോലിയെന്ന വാഗ്ദാനത്തില്‍ വീണ യുവതിക്ക് നഷ്ടമായത് 96,000 രൂപ. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയെ പറ്റിച്ചത് ‘മേഖ ഇന്ത്യ ലിമിറ്റഡ്’ എന്ന ടെലഗ്രാം അക്കൗണ്ടിലൂടെയാണ്. പാര്‍ട്ട് ടൈം മാര്‍ക്കറ്റിങ് ജോലിക്ക് ശമ്പളം നല്‍കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച യുവതിയോട് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുകയും 800 രൂപ മുതല്‍ അര ലക്ഷം വരെ ഒരേ ദിവസം വ്യത്യസ്ത സമയങ്ങളില്‍ അയച്ചുകൊടുക്കുകയും ചെയ്തു. തട്ടിപ്പുകാര്‍ പറഞ്ഞ ആറ് യുപിഐ ഐഡികളിലേക്കായിരുന്നു പണം അയച്ചത്. പിന്നീട് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

കാസർകോട് സൈബർ തട്ടിപ്പിന് ഇരയായി വയോധികൻ.’Live TV’ എന്ന ആപ്പ് വഴി പെരിയകുണിയ സ്വദേശി യൂസഫ് മൊയ്തുവിന്റെ  1.65 ലക്ഷം രൂപ നഷ്ടമായി. നവംബർ 6-നും 8-നും ഇടയിലാണ് തട്ടിപ്പ് നടന്നത്. യൂസഫിന്റെ  ഫോണിലേക്ക് ലൈവ് ടിവിയുടെ ലിങ്ക്  മെസ്സേജ് വരികയും അതിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്തതോടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പണം നഷ്ടമാവുകയായിരുന്നു. സംഭവത്തിൽ കാസർകോട് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എറണാകുളം മുളവുകാട് ക്രെഡിറ്റ് കാർഡ് ഒടിപി തട്ടിപ്പിലൂടെ 90,000 രൂപയും നഷ്ടപ്പെട്ടു. കണ്ണൂരിൽ ഫോൺ സിസ്റ്റം റീസ്റ്റാർട്ടായി അസം സ്വദേശിക്ക് 46,000 രൂപയും തളിപ്പറമ്പിൽ ഓൺലൈൻ ജോലിയുടെ പേരിൽ യുവതിക്ക് 96,000 രൂപയും നഷ്ടമായ സംഭവങ്ങളിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വെബ് സീരീസ് കാണാൻ ഒരു രൂപ മുടക്കിയ വ്യക്തിക്ക് 72,000 രൂപ നഷ്ടമായി. 

Share