രണ്ടിടത്ത് സൈബര്‍ തട്ടിപ്പ്; അസം സ്വദേശിക്ക് 46,000 രൂപയും തളിപ്പറമ്പ് സ്വദേശിനിക്ക് 96,000 രൂപയും നഷ്ടമായി
മട്ടന്നൂര്‍: കണ്ണൂരില്‍ രണ്ടിടത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്. പാപ്പിനിശേരിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 46,000 രൂപ നഷ്ടമായി. മൊബൈല്‍ ഫോണ്‍ അപ്ഡേറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് തവണയായാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു.
തളിപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് 96,000 രൂപയാണ് നഷ്ടമായത്. ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ടെലഗ്രാമിലൂടെയാണ് യുവതി കബളിക്കപ്പെട്ടത്. ജോലി വിവരങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് യുവതി വ്യത്യസ്ത ആറ് യുപിഐ ഐഡികളിലേക്ക് പണം അയക്കുകയായിരുന്നു.
800 രൂപ മുതല്‍ അര ലക്ഷം വരെയാണ് യുവതി അയച്ചത്. ഒരേ ദിവസം വ്യത്യസ്ത സമയങ്ങളിലായിരുന്നു പണം കൈമാറിയത്. ‘മേഖ ഇന്ത്യ ലിമിറ്റഡ്’ എന്ന ടെലഗ്രാം അക്കൗണ്ടില്‍ നിന്നാണ് ജോലി വാഗ്ദാനം ലഭിച്ചത്. സംഭവത്തില്‍, പാര്‍ട്ട് ടൈം ജോലിക്ക് ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.


