ആദ്യം അറസ്റ്റിലായത് 2 സ്ത്രീകൾ; കുഞ്ഞാമിന കൊലക്കേസിലെ മുഖ്യപ്രതി പിടിയിൽ, ഒളിവിൽ കഴിഞ്ഞത് 10 വർഷം
കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ മുഖ്യപ്രതി ഡൽഹി സ്വദേശി അബ്ബാസ് അലി പത്ത് വർഷത്തിനു ശേഷം പിടിയിലായി. ഒളിവിലായിരുന്ന ന്യൂഡൽഹി നാങ്ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവർ 2026 മാർച്ചിൽ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിരുന്നു.
2016 ഏപ്രിൽ 30ന് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട കേസിലെ പ്രതികളെയാണ് 10 വർഷത്തിനു ശേഷം പൊലീസ് പിടികൂടിയത്.
2016ൽ, വസ്ത്ര വ്യാപാരികൾ എന്ന് പറഞ്ഞ് കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ പ്രതികൾ താമസിക്കുകയും കുഞ്ഞാമിനയുമായി സൗഹൃദത്തിലാകുകയുമായിരുന്നു. ഏപ്രിൽ 30ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടകവീട്ടിൽ വച്ച് കഴുത്തിനും വയറിനും നെഞ്ചിലും മാരകമായി കുത്തിയശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ മാലയും കൈയിൽ ഉണ്ടായിരുന്ന വളയും പണവും കവർച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
ആന്ധ്രപ്രദേശിലെ ഓംഘോൾ പൊലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി കേരത്തിലേക്കു കടക്കുകയായിരുന്നു. വ്യാജ രേഖകൾ നൽകിയാണ് പ്രതികൾ ഇരിക്കൂറിൽ വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തിനു മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി. കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ് ഫോണിന്റെ സിം കാർഡുകൾ സംഘടിപ്പിച്ചത്. പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. ഇരിക്കൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് 2024ൽ ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.


