‘നെഞ്ചിലും തോളിലും ഡ്രസിങ്’, ടൈഗർ ഷ്റോഫിൻ്റെ ചിത്രങ്ങൾ പുറത്ത്; അക്രമികൾ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി

മുംബൈ: ബോളിവുഡ് നടനും ജാക്കി ഷ്റോഫിൻ്റെ മകനുമായ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാലോകം. ഇന്നലെയാണ് നടന് നേരെ ആക്രമണം ഉണ്ടായത്. ടൈഗർ ഷ്റോഫിന് നേരെ വെടിവയ്ക്കാൻ ശ്രമിച്ചവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇതിനിടെ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ലോറൻസ് ബിഷ്ണോയ് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ടൈഗർ ഷ്റോഫിൻ്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. നെഞ്ചിലും തോളിലും ഡ്രസിങ്, വലതുകൈയിൽ ബാൻഡേജുമിട്ട് അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെടിവെപ്പിനിടെ കാറിൻ്റെ ചില്ല് തറച്ചുകയറി ടൈഗറിന് പരിക്കേറ്റിരുന്നു.

ആക്രമണ വാർത്ത അറിഞ്ഞയുടനെ തന്നെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ടൈഗർ ഷ്റോഫിനെ വസതിയിലെത്തി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഷിന്‍ഡെ പറഞ്ഞു.

മുംബൈയിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നഗരത്തിൻ്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ല. അക്രമികൾ അഞ്ചുതവണ വെടിയുതിർത്തതായും ഡ്രൈവർക്ക് പരിക്കേറ്റതായും നടൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഷിൻഡെ പറഞ്ഞു.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ജുഹുവിലെ പുഷ്പ നർസി പാർക്കിന് സമീപം നടന് നേരെ വെടിവെപ്പ് നടന്നത്. ടൈഗർ ഷ്റോഫ് എല്ലാ ഞായറാഴ്ചയും ഇവിടെ ഫുട്ബോൾ കളിക്കാനെത്താറുണ്ടെന്നാണ് വിവരം. ടൈഗറിൻ്റെ ദിനചര്യ മനസിലാക്കിയ പ്രതികൾ നടനെ വധിക്കാൻ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വെടിവെപ്പിൽ നടൻ്റെ ഡ്രൈവർ ഫിർദോഷിൻ്റെ ഇടത് കൈയ്ക്ക് വെടിയേറ്റു. കൂടാതെ കാറിന് സമീപം നിന്നിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Share