ഇസ്‌റാഈലിനോട് ശത്രുത പുലര്‍ത്തുന്ന ഒരു പ്രസിഡന്റ് യു എസിലുണ്ടായേക്കാം; ഇന്ത്യയുമായി കൂടുതല്‍ അടുക്കണമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഡൊണാള്‍ഡ് ട്രംപിന് ശേഷം ഭാവിയില്‍ ഇസ്‌റാഈലിന് പ്രതികൂല നിലപാട് എടുക്കുന്ന ഒരു യു എസ് ഭരണകൂടത്തെ നേരിടേണ്ടി വന്നേക്കാമെന്നും, ഇത് യു എസുമായുള്ള സൈനിക സഹായത്തെയും തന്ത്രപരമായ ബന്ധങ്ങളെയും ബാധിച്ചേക്കുമെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഭാവിയില്‍ നേരിട്ടേക്കാവുന്ന ഇത്തരമൊരു വെല്ലുവിളി മുന്‍നിര്‍ത്തി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ സഖ്യങ്ങള്‍ രൂപവല്‍ക്കരിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഒക്ടോബര്‍ 27ന് നടക്കാനിരിക്കുന്ന ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പിന് മുമ്പായി, തന്റെ പുതിയ സുരക്ഷാ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു നെതന്യാഹു.

‘രാജ്യത്തിന്റെ നില മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള പുതിയ അന്താരാഷ്ട്ര സഖ്യങ്ങള്‍ ഇസ്‌റാഈല്‍ രൂപീകരിക്കണം. രണ്ട് വര്‍ഷത്തിനുള്ളില്‍, പുരുഷനായാലും സ്ത്രീയത്തിയായാലും, ഇസ്‌റാഈലിനോട് വളരെ ശത്രുതാപുലര്‍ത്തുന്ന ഒരു പ്രസിഡന്റ് അധികാരത്തില്‍ വന്നേക്കാം. നിങ്ങള്‍ അതിനെ എങ്ങനെ നേരിടും? അമേരിക്കയുമായി ബന്ധപ്പെട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കും? അതിനപ്പുറം, എന്ത് പരിഹാരങ്ങളാണ് ആവശ്യമായി വരിക?’ -നെതന്യാഹു ചോദിച്ചു.

അമേരിക്കന്‍ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ട്, ട്രംപിന്റെ കാലാവധിയുടെ ശേഷിക്കുന്ന വര്‍ഷങ്ങള്‍ ഇസ്‌റാഈലിന്റെ നില ഭദ്രമാക്കാന്‍ ഉപയോഗിക്കണം. ഒന്നാമതായി, അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളിലായാലും ഈ വര്‍ഷങ്ങളില്‍ നമുക്ക് കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.’ -നെതന്യാഹു പറഞ്ഞു.

Share