ഇന്ത്യക്കാരന്റെ ദേഹത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത് ലോഞ്ചിലെ കാത്തിരിപ്പിനിടെ: ഭാര്യയും മക്കളും വന്നത് മൂന്ന് ദിവസം മുൻപ്

റിയാദ്: റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി എൻജിനീയർ കുടുംബസമേതം എത്തിയത് ഉംറ നിർവഹിക്കുന്നതിന്.

ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസഫ് അലി (46) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കും പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന അലി, തീർഥാടനത്തിനായി പത്ത് ദിവസം മുൻപാണ് ഭാര്യയെയും മൂന്ന് മക്കളെയും സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. മദീനയിലേക്കുള്ള വിമാനത്തിൽ കയറാൻ കുടുംബം വിമാനത്താവളത്തിലെ ലോഞ്ചിൽ കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. ഹൂതികൾ തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ അലിയുടെയും കുടുംബത്തിന്റെയും മേൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അപകടത്തിൽ അലിയുടെ മക്കളായ അമൻ അലി (18) കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായും, വാസി അലി (16) കാലിലെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ട നിലയിലും ചികിത്സയിലാണ്. ഇരുവരും ഹൈദരാബാദിലെ വിദ്യാർഥികളാണ്. ഭാര്യ സമീറയും ഹൈദരാബാദിലെ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ 11 വയസ്സുകാരി മകൾ മർയമും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

അലിയുടെ മരണവാർത്തയറിഞ്ഞ് ഹൈദരാബാദിലെ മെഹ്ദിപട്ടണത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി. അലിയുടെ മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കാനാണ് സാധ്യതയെന്ന് ബന്ധുക്കൾ അറിയിച്ചു.

….

Share