പാകിസ്ഥാനെ വെട്ടിമുറിക്കാൻ പദ്ധതിയുമായി അസിം മുനീർ, ഭരണത്തിൽ കൂടുതൽ പിടിമുറുക്കി സംയുക്ത പ്രതിരോധ മേധാവി

ഇസ്‌‌ലാമാബാദ്: ദാരിദ്ര്യവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന രാജ്യമാണ് പാകിസ്ഥാൻ. രാജ്യരൂപീകരണം നടന്ന് എട്ട് പതിറ്റാണ്ടായിട്ടും ഇന്ത്യയെപോലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥിരതയാർന്ന ഒരു സർക്കാർ ഇന്നും അവിടെയുണ്ടായിട്ടില്ല.

പാക് പട്ടാളമാണ് പലപ്പോഴും രാജ്യം ആര് ഭരിക്കണം എന്ന തീരുമാനം എടുത്തിട്ടുമുള്ളത്. പാകിസ്ഥാന്റെ ഈ പ്രശ്‌നങ്ങളെ പരിഹരിക്കാൻ ഭരണതലത്തിൽ വലിയ മാറ്റം ആവശ്യമാണെന്ന പക്ഷക്കാരനാണ് ഇപ്പോഴത്തെ സംയുക്ത പ്രതിരോധ മേധാവിയായ അസിം മുനീർ.

പാകിസ്ഥാന്റെ രാഷ്‌ട്രീയ ഭൂപടത്തിൽ തന്നെ വലിയ മാറ്റം വരണമെന്ന ലക്ഷ്യത്തോടെയാണ് തന്റെ ആവശ്യം അസിം മുനീർ മുന്നോട്ടുവച്ചത്. നിലവിൽ പാകിസ്ഥാനിൽ നാല് വലിയ പ്രവിശ്യകളായാണ് ഭരണനിർവഹണം. പഞ്ചാബ്,​ സിന്ധ്,​ ഖൈബർ പക്‌തൂൺഖ്വ,​ ബലൂചിസ്ഥാൻ എന്നിവയാണവ. ഇവ ഇനിയും വെട്ടിമുറിക്കണം എന്നാണ് മുനീറിന്റെ ആവശ്യം. വലിയ പ്രവിശ്യകളെ 12 മുതൽ 15 വരെ ചെറു പ്രവിശ്യകളോ അതല്ലെങ്കിൽ 160 ചെറിയ ഭരണപ്രദേശങ്ങളോ ആയി തിരിക്കണമെന്നാണ് അസീം മുനീറിന്റെ പ്ളാൻ.

ശക്തി സമവാക്യങ്ങളെ തകർക്കുന്ന പ്ളാൻപാകിസ്ഥാനിലെ ഇന്നുവരെയുള്ള ശക്തിസമവാക്യങ്ങളെയെല്ലാം തച്ചുടയ്‌ക്കുന്ന ഒരു പദ്ധതിയാണ് അസിം മുനീർ മുന്നോട്ടുവച്ചിരിക്കുന്നത്. പാകിസ്ഥാന്റെ ഭൂപടത്തിൽ തന്നെ മാറ്റമുണ്ടാക്കുന്ന ഒന്ന്. നിലവിലെ പ്രവിശ്യകളുടെ ഘടനയെ തന്നെ മാറ്റം വരുത്താൻ മാത്രമല്ല മുനീറിന്റെ ലക്ഷ്യം.രാജ്യത്തെ ഭരണസംവിധാനം ഈ പ്രദേശങ്ങളിൽ ആവശ്യം വരുമ്പോൾ വളരെ വേഗം രാജ്യത്തെ നിയന്ത്രിക്കുന്ന സൈന്യത്തിന്റെ ആവശ്യത്തിന് തയ്യാറാകുക എന്ന ലക്ഷ്യമാണ് മുനീറിനുള്ളത്.നിലവിൽ രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യ വിഘടനവാദം ശക്തമായ ബലൂചിസ്ഥാനാണ്. എന്നാൽ ഇവിടെ ജനസംഖ്യ 1.5 കോടി മാത്രമാണ്. ഏറ്റവും പ്രശസ്‌തമായ പ്രവിശ്യ പക്ഷെ പഞ്ചാബാണ്. രാജ്യത്തെ 12.8 കോടി ജനസംഖ്യയും ഈ പ്രവിശ്യയിൽ നിന്നാണ്.

പഞ്ചാബിന്റെ ഭരണനിർവഹണം പാകിസ്ഥാന് പലപ്പോഴും ചെറുതല്ലാത്ത തലവേദനയും നൽകിയിട്ടുണ്ട്. പ്രവിശ്യയിലെ ഗ്രാമപ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നത് നാലിലൊന്ന് ജനവിഭാഗത്തിന് മാത്രമാണ്.ഇത്ര വലിയ പ്രവിശ്യകളിലെ ഭരണം തലവേദനയാണ്. ഇതാണ് ലോകത്തിന് മുന്നിൽ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നിലെന്നാണ് അസിം മുനീറിന്റെ വാദം. ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമടക്കം രാജ്യത്ത് ശക്തമാണ്.

പലപ്പോഴും നേരിട്ടുള്ള പട്ടാള ഭരണത്തിന് കീഴിലായിരുന്ന പാകിസ്ഥാനിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഉണ്ടായപ്പോൾ പോലും അവരിൽ പലരും പട്ടാളത്തെ പിണക്കിയില്ല. നിലവിൽ ചെറുപ്രവിശ്യകളാക്കണം എന്നതിന് മുനീർ ചൂണ്ടിക്കാട്ടുന്ന പല പ്രശ്‌നങ്ങളും സത്യത്തിൽ രാജ്യത്തുണ്ടായത് പട്ടാളഭരണം കാരണമാണ്. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ അസിം മുനീറിന്റെ ഈ ആവശ്യം വിരോധാഭാസമാണെന്ന് കാണാം.സൈന്യത്തിന് കരുത്ത് പകരുന്ന നീക്കംനിലവിലെ ഭരണസംവിധാനം വിഘടിച്ചാൽ അത് കേന്ദ്രത്തിൽ ശക്തമായ സൈന്യത്തിന് കൂടുതൽ കരുത്ത് പകരും. മിക്ക പ്രവിശ്യകളും സൈന്യത്തെ സഹായത്തിന് വിളിക്കും എന്നതുതന്നെ കാരണം. പാകിസ്ഥാനിലെ പ്രധാന രാഷ്‌ട്രീയ പാർട്ടികളുടെ പലതിന്റെയും ശക്തി പ്രവിശ്യാ അടിസ്ഥാനത്തിലാണ്. പാകിസ്ഥാൻ മുസ്‌ളീം ലീഗ് നവാസ് പഞ്ചാബിലെ ശക്തമായ പാർട്ടിയാണ്. എന്നാൽ സിന്ധ് പ്രവിശ്യ നോക്കിയാൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കാണ് അവിടെ ശക്തി.

രാജ്യത്ത് പട്ടാളഭരണം ഉണ്ടായിരുന്നപ്പോൾ പോലും പലപ്പോഴും ഈ പ്രവിശ്യകളിൽ സമാന്തര ഭരണം നിലനിന്നു. ഇത് ഇനിയുണ്ടാകാതെ തകർക്കാനാണ് അസിം മുനീർ ശ്രമിക്കുന്നത്. ഇരു പ്രവിശ്യകളിലെയും വലിയ ജനസ്വാധീനം ഇല്ലാതാക്കാനും ഈ വെട്ടിമുറിക്കൽ കൊണ്ട് കഴിയും.അതേസമയം അസിം മുനീറിന്റെ ബുദ്ധിയിൽ ഉദിച്ച ആശയമല്ല ഇത്തരത്തിൽ പ്രവിശ്യാ വിഭജനം. രാജ്യത്തെ പ്ളാനിംഗ് മന്ത്രി അഹ്‌സാൻ ഇഖ്‌ബാൽ ഇതേ ആശയം മുൻപ് പറഞ്ഞിട്ടുണ്ട്. 12 മുതൽ 15 വരെ പ്രവിശ്യകളോ അല്ലെങ്കിൽ 160 ജില്ലകളോ ആണ് ഇഖ്‌ബാലും മുന്നോട്ടുവച്ചത്.രാഷ്‌ട്രീയത്തിൽ പിടിമുറുക്കുന്ന അസിം മുനീർപാക് രാഷ്‌ട്രീയത്തിൽ ശക്തമായി പിടിമുറുക്കുകയാണ് അസിം മുനീർ ഇപ്പോൾ.

ഇതേസമയത്ത് പ്രവിശ്യാ വിഭജനം മുന്നോട്ടുവയ്‌ക്കുന്നത് തിരഞ്ഞെടുത്ത സർക്കാരുണ്ടെങ്കിലും തന്റെ ഇച്ഛയ്‌ക്കനുസരിച്ച് ഭരിക്കാം എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം തന്നെയാണ്. രാജ്യത്തെ മൂന്ന് പ്രധാന പാർട്ടികളിൽ പിഎംഎൽ-എനുമായും പിപിപിയുമായും മുനീർ ശക്തമായ ബന്ധമാണ് തുടരുന്നത്. അതേസമയം മൂന്നാമത് വലിയ പാർട്ടിയുടെ നേതാവായ ഇമ്രാൻ ഖാനെ തടങ്കലിലും അടച്ചു. ഇതിനെതിരെ അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്‌രിക് ഇ ഇൻസാഫ് പ്രവർത്തകർ രാജ്യമാകെ പ്രതിഷേധിക്കുന്നുമുണ്ട്.ഖൈബർ പക്‌തൂൺ ഖ്വയിൽ നിന്നും നൂറുകണക്കിന് ഇമ്രാൻ ഖാന്റെ പാർട്ടി പ്രവർത്തകർ ഇസ്‌ലാമാബാദ് ലക്ഷ്യമാക്കി നീങ്ങിയത് സംഘ‌ർഷത്തിനിടയാക്കിയതാണ് നിലവിലെ സാഹചര്യം.

ഇത്തരം പ്രശ്‌നങ്ങളെ ഒഴിവാക്കാൻ കൂടിയാണ് പ്രവിശ്യാ വിഭജനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനൊപ്പം ബലൂചിസ്ഥാനിലെ വിഘടനവാദ പ്രശ്‌നങ്ങളും പാക് സർക്കാരിന് തലവേദനയാണ്. അടുത്തിടെ പ്രവിശ്യയിൽ സർക്കാരുമായി ഏറ്റുമുട്ടുന്നവർ സ്വാതന്ത്ര്യവും പ്രഖ്യാപിച്ചിരുന്നു.പാക് അധിനിവേശ കാശ്‌മീരിലും സർക്കാരിനെതിരെ വലിയ രീതിയിൽ പ്രതിഷേധം നടന്നുവരികയാണ്. ഭരണത്തിലും നികുതി സംവിധാനത്തിലും സാമ്പത്തിക നയങ്ങളിലും ജനങ്ങൾക്ക് പാക് സർക്കാരിനോട് എതിർപ്പാണുള്ളത്.

Share