ഹൂതി ആക്രമണം; റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിയാദിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിവിധ ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികള്‍ മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഒക്ടോബര്‍ 10 വരെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഇറാന് പിന്തുണയുള്ള ഹൂതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണ ശാലകള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. സൗദി വ്യോമമേഖലയില്‍ സര്‍വീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികള്‍ക്ക് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആക്രമണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഡല്‍ഹിയില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. റിയാദിലേക്കുള്ള രണ്ട് സര്‍വീസുകള്‍ ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും റദ്ദാക്കിയത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ തടസ്സങ്ങളെ തുടര്‍ന്നാണ് നടപടി. ആകാശ എയര്‍ qp523, സൗദിയ sv775 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനസര്‍വീസുകള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചതെന്ന് കമ്പനികള്‍ അറിയിച്ചു. യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.


