ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ്
വാഷിങ്ടൻ: ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണ് ഉത്തരവാദിയെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലൈദുബായ് സംഭവത്തിൽ ഇറാനുമായി ബന്ധിപ്പിക്കുന്ന തരത്തിൽ നിർണായകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിനു നേർവിപരീതമായ പരാമർശമാണ് ട്രംപ് നടത്തിയത്.
അതേസമയം ഫ്ലൈദുബായ് വിമാനത്തിന്റെ കോ–പൈലറ്റ് ഹമാം അൽ ഹമ്മാമി (29) വിമാനം തകർക്കാൻ മുൻപേ ശ്രമം തുടങ്ങിയിരുന്നതായി ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ‌് റിപ്പോർട്ട് ചെയ്തു. ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ തിരഞ്ഞാണ് ഫ്ലൈദുബായിൽ ജോലിക്ക് ചേർന്നതെന്ന് യുഎഇയിലെ ചോദ്യം ചെയ്യലിൽ ഹമ്മാമി വെളിപ്പെടുത്തി.
ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ ആക്രമണത്തിലേക്ക് ഇറാന്റെ പങ്കിനെ കുറിച്ച് ചർച്ച തുടരുമ്പോൾ അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾ സ്തംഭിച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാൻ ഇങ്ങനെ പ്രതികരിച്ചത്. ചർച്ചകൾക്ക് പിന്നാലെ രാജ്യം വീണ്ടും ആക്രമിക്കപ്പെടുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.


