പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍, അഞ്ച് ആശുപത്രികള്‍ അടച്ച് പൂട്ടി

മോസ്‌കോ: റഷ്യയിലെ സൈബീരിയന്‍ പ്രദേശമായ ഇര്‍കുത്സ്‌കില്‍ പ്ലേഗ് ബാധിച്ച് 28 കാരിയായ ലാബ് ടെക്‌നീഷ്യന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഷെലെഖോവിലുള്ള ആന്റി-പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബ് ടെക്‌നീഷ്യനായ ഡാരിയ ഷിപിലൊവയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് ആശുപത്രികള്‍ അടച്ചുപൂട്ടുകയും നൂറുകണക്കിന് ആളുകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടയില്‍ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തില്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ഡാരിയയ്ക്ക് പെട്ടെന്ന് പടരുന്നതും മാരകവുമായ ‘പ്യൂമോണിക് പ്ലേഗ്’ ബാധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത ശ്വാസകോശ അണുബാധയെ തുടര്‍ന്ന് സെപ്റ്റംബര്‍ 29-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഈ മാസം ഒന്നിനാണ് മരണം സംഭവിച്ചത്.

ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ഇരുന്നൂറിലധികം ആളുകളെ ക്വാറന്റൈനിലആക്കി. ഇര്‍കുത്സ്‌കില്‍ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

രോഗിയുടെ സാമ്പിളുകളില്‍ പ്ലേഗ് ബാക്ടീരിയ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് സംശയകരമായ മറ്റൊരു അണുബാധയായിട്ടാണ് നിരീക്ഷിക്കുന്നതെന്നും ഇര്‍കുത്സ്‌ക് ഗവര്‍ണര്‍ ഇഗോര്‍ കോബ്‌സെവ് ടെലഗ്രാമില്‍ വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റ് ജീവനക്കാര്‍ക്കൊന്നും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്ലേഗിന്റെ ഏറ്റവും മാരകമായ രൂപമാണ് പ്യൂമോണിക് പ്ലേഗ്. രോഗബാധയേറ്റാല്‍ 24 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം വായുവിലൂടെയും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഉടനടി ചികിത്സിച്ചില്ലെങ്കില്‍ ഇത് മരണത്തിലേക്ക് നയിച്ചേക്കാം.

Share