കോക്പിറ്റിൽ ബഹളം, വസ്ത്രത്തിൽ രക്തം; പൈലറ്റ് മനഃപൂർവം വിമാനം തകർക്കാൻ ശ്രമിച്ചു?
ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന വിമാനം അടിയന്തരമായി വടക്കൻ സൗദി അറേബ്യയില്‍ ലാൻഡ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്തിനുള്ളിൽ അക്രമാസക്തമായ രംഗങ്ങൾ അരേങ്ങേറിയെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിനുള്ളിലുള്ളവരുടെ വസ്ത്രത്തിൽ രക്തക്കറ പുരണ്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു പൈലറ്റ് മറ്റൊരാളെ കുത്തിയെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്യുന്നത്. അക്രമിയെ കീഴടക്കാൻ ക്രൂവിനെ സഹായിച്ചത് യാത്രക്കാരാണെന്നും റിപ്പോർട്ടുണ്ട്.
സഹ പൈലറ്റ്, പൈലറ്റിനെ കുത്താൻ ശ്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തു. വിമാനത്തില്‍ യാത്രക്കാരായി രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നു. ഇവരാണ് അക്രമിയായ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാതെ തടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ പൈലറ്റുമാരിൽ ഒരാൾ മനഃപൂർവം വിമാനം തകർക്കാൻ ശ്രമിച്ചിരുന്നു എന്നും മറ്റേ പൈലറ്റ് ഇടപെട്ട് അത് തടഞ്ഞു എന്നും ഇയാള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
‘‘വിമാനത്തിൽ ഞങ്ങൾ നിലവിളികൾ കേട്ടു. പിന്നീട് അവർ കോക്ക്പിറ്റ് തുറന്നപ്പോഴാണ് രക്തം കണ്ടത്. ഒരാൾ കത്തി ഉപയോഗിച്ച് പൈലറ്റിനെ കുത്തി. പിന്നാലെയാണ് പ്രശ്നങ്ങളെല്ലാം തുടങ്ങിയത്’’– വിമാനത്തിലെ യാത്രക്കാരൻ പറഞ്ഞു.
‘‘കാബിനിൽ നിലവിളി ഉയർന്നതോടെയാണ് എന്തോ പ്രശ്നമുണ്ടെന്ന് മറ്റു യാത്രക്കാർക്ക് മനസ്സിലായത്. പൈലറ്റുമാരിൽ ഒരാൾക്ക് കുത്തേറ്റു ഗുരുതരമായി പരുക്കു പറ്റിയെന്നും വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങിയെന്നുനമാണ് ഞങ്ങൾക്ക് മനസ്സിലായത്’’– വിമാനത്തിലെ മറ്റൊരു യാത്രക്കാരൻ ടൈംസ് ഓഫ് ഇസ്രയേലിനോട് പറഞ്ഞു.
നിലവിൽ രണ്ട് പൈലറ്റുമാരും ചികിത്സയിലാണ്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരു. വലിയ ദുരന്തമാണ് ഒഴിവായതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.


