സൗദിയിൽ വനിതകളുൾപ്പെടുന്ന വൻ മയക്കുമരുന്ന് കള്ളക്കടത്ത് സംഘം പിടിയിൽ; അറസ്റ്റിലായത് സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 22 പേർ, പിടിയിലായവരിൽ പ്രവാസികളും
റിയാദ് മേഖലയിൽ മയക്കുമരുന്ന് കള്ളക്കടത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന വൻ ക്രിമിനൽ ശൃംഖലയെ സൗദി സുരക്ഷാ വിഭാഗം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രവാസികളടക്കം 22 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
അറസ്റ്റിലായവരിൽ 19 പേർ സൗദി പൗരന്മാരാണ്. ഇവരിൽ ഒരാൾ മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവർക്ക് പുറമെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന ഒരു എത്യോപ്യൻ സ്വദേശി, മൊറോക്കൻ സ്വദേശിയായ വനിത, യെമൻ പൗരൻ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. പ്രതികൾക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെയും യുവതലമുറയെയും മയക്കുമരുന്ന് മാഫിയയിൽ നിന്ന് സംരക്ഷിക്കാൻ സുരക്ഷാ അധികാരികൾ അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സമാധാനജീവിതത്തിനും ഭീഷണിയുയർത്തുന്ന ഏത് ക്രിമിനൽ പദ്ധതികളെയും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർ ആരായാലും അവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.


