ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപന ആരോപിച്ച് ആൾക്കൂട്ട വിചാരണ. മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി തലമുണ്ഡനം ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. കഞ്ചാവ് വിൽക്കുവാനോ വാങ്ങുവാനോ വന്നവർ എന്ന് ആരോപിച്ചായിരുന്നു ഉപദ്രവം. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയത്. കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് പെരുമ്പാവൂര്‍ ഭായി കോളനിക്ക് സമീപം മഞ്ഞപ്പെട്ടി സ്വദേശികളായ 3 യുവാക്കളെ 6 പേര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി തല മുണ്ഡനം ചെയ്തത്. പ്രദേശത്ത് ലഹരി വിൽപനക്ക് എത്തിയവരാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇവരെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി മുട്ടുകാലിൽ നിര്‍ത്തിയ ശേഷം സമീപത്ത് കട നടത്തുന്ന ബാര്‍ബറെ കൂട്ടിക്കൊണ്ട് വരികയും തല മുണ്ഡനം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം മൂന്ന് യുവാക്കള്‍ സ്ഥലത്ത് എത്തിയതിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share