കാമുകനെ ഒഴിവാക്കാൻ യുവതി ക്വട്ടേഷൻ നൽകി; അർധരാത്രി വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മർദിച്ചു, 19 കാരിയും കൂട്ടാളികളും തിരൂരിൽ പിടിയിൽ
തിരൂര്: കാമുകനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി വധിക്കാൻ ശ്രമിച്ച കേസിൽ 19 കാരിയും നാല് കൂട്ടാളികളും തിരൂർ പോലീസിന്റെ പിടിയിലായി.
പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ടുതൊടി സഫാന , സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികൾ പുതുക്കുളങ്ങര വീട്ടിൽ നാദിയ, റബീബ , പറവണ്ണ സ്വദേശികളായ ഇർഷാദ്, അസറുദ്ദീൻ എന്നിവരെയാണ് തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച തിരൂർ താഴെപ്പാലത്തുനിന്ന് പിടികൂടിയത്. പട്ടാമ്പി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോൺ അടക്കമുള്ളവ കവർന്നെടുക്കുകയും ചെയ്ത സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്.
കഴിഞ്ഞദിവസം അർധരാത്രിയോടെ തന്റെ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് പ്രതികൾ കെണിയിൽപ്പെടുത്തിയത്. സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയ യുവാവിനെ, മറ്റു പ്രതികൾ ഒത്തുകൂടിയ സ്ഥലത്തെത്തിച്ച് കാറിലേക്ക് ബലമായി കയറ്റുകയായിരുന്നു. തുടർന്ന് കാറിൽ വെച്ച് യുവാവിനെ അതിക്രൂരമായി മർദിക്കുകയും പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും ചെയ്ത പ്രതികൾ, താഴെപ്പാലം പുഴയോരത്തെ റോഡരികിൽ ഇയാളെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
യുവാവ് ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ വലയിലായത്. പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും മുൻപ് മയക്കുമരുന്ന് കടത്തുകേസിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിട്ടുള്ളവരും വധശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളുമാണ്. തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാൻഡ് ചെയ്തു. എസ്.ഐ.മാരായ അനുഷ ഗോപിനാഥ്, മിഥുൻ, നസീർ, എ.എസ്.ഐ. രജീഷ്, സി.പി.ഒ.മാരായ ഉണ്ണിക്കുട്ടൻ, ആശിഷ് സ്റ്റീഫൻ, സൈജു, അനന്ദു, ആദർശ്, ദിൽജിത്ത് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.


