പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസൽ താനൂർ അറസ്റ്റിൽ
പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിലൂടെ ശ്രദ്ദേയനായ മലപ്പുറം പരപ്പനങ്ങാടിയിലെ ജൈസലിനെ ഓർമ്മയില്ലേ. ബോട്ടിലേക്ക് കയറാൻ പ്രയാസപ്പെട്ട സ്ത്രീക്ക് ചവിട്ടികയറാൻ സ്വന്തം മുതുക് കാണിച്ച് കൊടുത്ത ജൈസൽ അന്ന് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഇയാളെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ബുധനാഴ്ച താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു.
താനൂർ സി.ഐ ജീവൻ ജോർജിന്റെ നിർദേശപ്രകാരം താനൂർ എസ്.ഐ ശ്രീജിത്ത്, എസ്.ഐ രാജു, എ.എസ്.ഐ റഹിം യൂസഫ്, സി.പി.ഒ കൃഷ്ണപ്രസാദ്, തിരൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷെറിൻജോൺ, അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ല കോടതിയിലും ഹൈകോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ വ്യാഴാഴ്ച പരപ്പനങ്ങാടി കോടതിയിൽ ഹാജറാക്കും.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T


