“ഞാൻ എൻ്റെ ഭാര്യയെ കൊന്നു…”; പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയുടെ കുറ്റസമ്മതം; വീട്ടിലെത്തിയപ്പോൾ ഭർത്താവും പൊലീസും ഞെട്ടി, വൻ ട്വിസ്റ്റ്

കോഴിക്കോട്: “ഞാൻ എൻ്റെ ഭാര്യയെ കൊന്നു…” അർധരാത്രിയിൽ പൊലീസ് സ്റ്റേഷനിലേക്ക് ഭയന്നുവിറച്ചു കയറിവന്ന ഒരാളുടെ ഈ വാക്കുകൾ കേട്ടാണ് വെള്ളയിൽ സ്റ്റേഷനിലെ പൊലീസുകാർ ഞെട്ടിയത്. എന്നാൽ, പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയ പൊലീസിനെ കാത്തിരുന്നത് അതിലും വലിയൊരു അത്ഭുതമായിരുന്നു; ‘കൊല്ലപ്പെട്ടു’ എന്ന് കരുതിയ ഭാര്യയ്ക്ക് അപ്പോഴും ജീവനുണ്ടായിരുന്നു! പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം ഒരു സ്ത്രീയുടെ ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ വെള്ളയിൽ പരിസരം.

ചൊവ്വാഴ്ച അർധരാത്രിയോടെയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. പുതിയങ്ങാടി കോയ റോഡ് ബീച്ച് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സക്കീർ (49) ആണ് ഭാര്യ നസിലയെ (48) വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സക്കീർ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കുറ്റസമ്മതം നടത്തിയത്. ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. ആദ്യം അവിശ്വസനീയത തോന്നിയെങ്കിലും, പ്രതിയെ സ്റ്റേഷനിൽ ഇരുത്തിയ ശേഷം വെള്ളയിൽ ഇൻസ്പെക്ടർ എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ സക്കീറിന്റെ വീട്ടിലേക്ക് തിരിച്ചു.

പൊലീസ് എത്തിയ വിവരമറിഞ്ഞ് ബന്ധുക്കളും അയൽക്കാരും സ്ഥലത്ത് തടിച്ചുകൂടി. തുടർന്ന് വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് നസിലയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഒട്ടും സമയം കളയാതെ പൊലീസ് ഇവരെ ആദ്യം ഗവ. ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. നസിലയുടെ കഴുത്തിന് പരുക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അവർ അപകടാവസ്ഥ തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

കുടുംബവഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share