അയോധ്യ രാമക്ഷേത്രക്കൊള്ള; പ്രതി നിര്‍മിക്കുന്ന ഒരു കോടി വിലമതിക്കുന്ന വീട് ബുള്‍ഡോസ് ചെയ്‌തേക്കും

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രക്കൊള്ള കേസിലെ പ്രതി നിര്‍മ്മിക്കുന്ന ഒരു കോടി രൂപ വിലമതിക്കുന്ന വീടിനു നേരെ ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ അധികൃതര്‍. പ്രതി ലവ് കുശ് മിശ്ര നിര്‍മിക്കുന്ന വീട് അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി അയോധ്യ വികസന അതോറിറ്റി നോട്ടീസ് നല്‍കി. അയോധ്യക്ഷേത്രത്തില്‍ ജോലി കിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെതിനു പിന്നാലെയാണ് കൂറ്റന്‍ വീട് ഉയര്‍ന്നത്.

ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണായക യോഗം ജൂലായ് ആറിന് നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനില്‍ മിശ്രയുടെയും രാജിയില്‍ അന്തിമ തീരുമാനമെടുക്കാനാണ് ട്രസ്റ്റിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ജൂണ്‍ 27-നാണ് ചമ്പത് റായിയും അനില്‍ മിശ്രയും തങ്ങളുടെ പദവികളില്‍നിന്ന് രാജിവെയ്ക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയത്. ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് ട്രസ്റ്റ് അംഗങ്ങള്‍ ഈ രാജി വോട്ടിനിട്ട് പാസാക്കണം. ട്രസ്റ്റ് അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ രാജി സ്വീകരിക്കുകയുള്ളൂ.

മാത്രമല്ല, ട്രസ്റ്റിലെ ഏതെങ്കിലും പദവിയില്‍നിന്ന് രാജിവെച്ചാലും ഇവര്‍ ട്രസ്റ്റിലെ അം?ഗങ്ങളായി തുടരുമെന്നും ബൈലോയിലുണ്ട്. ഈ സാഹചര്യത്തില്‍ ചമ്പത് റായിയുടെ രാജി സ്വീകരിച്ചാലും അദ്ദേഹം ട്രസ്റ്റ് അംഗമായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആകെ 14 അംഗങ്ങളുടെ ട്രസ്റ്റില്‍ രണ്ടുപേര്‍ രാജി സമര്‍പ്പിച്ച സാഹചര്യത്തില്‍ ബാക്കി 12 പേരെ ഉള്‍ക്കൊള്ളിച്ചാകും വോട്ടെടുപ്പ് നടത്തുകയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

Share