പ്രവാസി യുവാവിനെ ആളുമാറി തല്ലിച്ചതച്ചു; സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ശിക്ഷ

ദുബൈയില്‍ പ്രവാസി യുവാവിനെ ആളുമാറി തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഒരു വര്‍ഷം വീതം തടവ്. എതിര്‍സംഘത്തില്‍പ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ചാണ് ആഫ്രിക്കക്കാരുടെ സംഘം യുവാവിനെ വടികള്‍ ഉള്‍പ്പെടെയുള്ളവയുമായി മര്‍ദ്ദിച്ചത്. കേസിലെ എല്ലാ പ്രതികളും പിന്നീട് അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.

ദുബൈയിലെ മുസഫ ഏരിയയിലായിരുന്നു സംഭവം. പരിസരത്ത് ആദ്യം ആഫ്രിക്കക്കാരായ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. പ്രദേശത്ത് നിയമവിരുദ്ധമായി മദ്യം വില്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഘര്‍ഷം അവസാനിച്ച ശേഷം അല്‍പം കഴിഞ്ഞ് പ്രവാസി യുവാവ് തനിച്ച് അതുവഴി നടന്നുവരികയായിരുന്നു.  ആ സമയത്ത് അവിടെ നിലയുറപ്പിച്ചിരുന്ന ഒരു സംഘം, മറ്റേ സംഘത്തില്‍പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

പരിസരത്തെ ഒരു വീട്ടിലിരുന്ന് സംഭവങ്ങളെല്ലാം കണ്ടുകൊണ്ടിരുന്ന ഒരാളാണ് പൊലീസിലും ആംബുലന്‍സിനെയും വിവരമറിയിച്ചത്. മര്‍ദനമേറ്റ യുവാവിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് ക്രൂരമായി മര്‍ദനമേറ്റുവെന്നും അത് കാരണം 20 ദിവസത്തിലധികം ഇയാള്‍ക്ക് സ്വന്തം ജോലികള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ദുബൈ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയും സംഘാംഗങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ദുബൈ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടന്നത്. കഴിഞ്ഞ ദിവസം കോടതി അഞ്ച് പേര്‍ക്കും ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*********************************************************************************

 സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!