തടാകത്തിൽ സ്പീഡ് ബോട്ടിന് പിന്നാലെ പാഞ്ഞടുത്ത് ഹിപ്പൊപ്പൊട്ടാമസ്; ഭയന്നുവിറച്ച് സഞ്ചാരികൾ– വിഡിയോ

മൃഗങ്ങളുടെ വാസസ്ഥലത്ത് മനുഷ്യസാമീപ്യം ഉണ്ടായാൽ അവ പെട്ടെന്ന് പ്രകോപിതരാകും. എങ്ങനെയാകും അവ പെരുമാറുന്നതെന്ന് പ്രവചിക്കാനാവില്ല. അങ്ങേയറ്റം അപകടകാരികളായ ജീവികളാണ്  ഹിപ്പൊപ്പൊട്ടാമസുകൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു പിഞ്ചു കുഞ്ഞിനെ ഹിപ്പോ വിഴുങ്ങിയശേഷം പുറത്തേക്ക് തുപ്പിയതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ മറ്റൊരു ഹിപ്പൊപ്പൊട്ടാമസ് മനുഷ്യരെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

 

ഇത്തവണ കരയിൽ വച്ചല്ല നേരെമറിച്ച് വെള്ളത്തിൽ വച്ചായിരുന്നു ഹിപ്പോയുടെ ആക്രമണം. തടാകത്തിൽ കൂടി സ്പീഡ് ബോട്ടിൽ നീങ്ങുകയായിരുന്നു ഒരുകൂട്ടം സഞ്ചാരികൾക്ക് നേരെയാണ് ഹിപ്പോ പാഞ്ഞടുത്തത്. ബോട്ടിൽ നിന്നു ഏതാനും മീറ്ററുകൾ അകലെയായി സഞ്ചാരികളെ തന്നെ ഉറ്റുനോക്കിക്കൊണ്ട് ഹിപ്പോപ്പൊട്ടാമസ് നിൽക്കുന്നത് വിഡിയോയുടെ തുടക്കത്തിൽ കാണാം. എന്നാൽ ബോട്ട് അൽപം കൂടി അടുത്തതോടെ ഹിപ്പൊ ഇവർക്ക് നേരെ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു.

 

തൊട്ടടുത്തുവരെ എത്തിയെങ്കിലും ഹിപ്പൊയിക്ക് ബോട്ടിൽ പിടികിട്ടാത്തതുകൊണ്ടു മാത്രമാണ് വലിയ അപകടം ഒഴിവായത്. ഏതാനും സമയത്തേക്ക് ബോട്ടിലുണ്ടായിരുന്നവരും ഏറെ പരിഭ്രാന്തിയിലായി. ഒരു യാത്രികൻ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സിംഹം, ആന, പുലി തുടങ്ങിയ മറ്റു വന്യമൃഗങ്ങളുമായി താരതമ്യം ചെയ്തു നോക്കുകയാണെങ്കിൽ മനുഷ്യരെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിൽ ഹിപ്പൊപ്പൊട്ടാമസുകളാണ് മുൻപന്തിയിലെന്നും അതിനാൽ അവയുടെ അടുത്തേക്ക് പോകാൻ ശ്രമിക്കരുതെന്നുമുള്ള അടിക്കുറിപ്പോടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

 

 

പതിനായിരക്കണക്കിനാളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. ഭാഗ്യംകൊണ്ടു മാത്രമാണ് ബോട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് എന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണം. ഈ സാഹചര്യത്തിൽ ബോട്ടിൽ വേണ്ടത്ര ഇന്ധനം ഇല്ലാതെ നിന്നു പോയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്നു വരെ ചിന്തിക്കുന്നവരുണ്ട്. വെള്ളത്തിൽ സ്പീഡ് ബോട്ടിൽ സഞ്ചരിക്കുകയായിരുന്നതുകൊണ്ടു മാത്രമാണ് അവർക്ക് രക്ഷപ്പെടാനായതെന്നും കരയിലായിരുന്നെങ്കിൽ തീർച്ചയായും ഹിപ്പൊ ആക്രമിക്കുമായിരുന്നു എന്നുമാണ് മറ്റു ചിലരുടെ പ്രതികരണം. അതേസമയം കരയിലായാലും വെള്ളത്തിലായാലും ഇത്തരത്തിൽ അക്രമകാരികളായ ജീവികളുള്ള മേഖലകളിൽ സഞ്ചരിക്കുവാൻ അനുവാദം നൽകുന്നത് തന്നെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല.

 

വലുപ്പത്തിൽ മുൻനിരക്കാരായ ഹിപ്പൊപ്പൊട്ടാമസുകളുടെ ആക്രമണത്തിൽ ആഫ്രിക്കയിൽ പ്രതിവർഷം 500 ആളുകൾവരെ കൊലചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. മൂർച്ഛയേറിയ പല്ലുകളുള്ള ഹിപ്പോകൾ അക്രമാസക്തരായാൽ അവയുടെ പിടിയിൽ നിന്നും രക്ഷപ്പെടുക എന്നത് അത്ര എളുപ്പമല്ല. ഉപ-സഹാറൻ ആഫ്രിക്കയിൽ ഇവയുടെ എണ്ണം അധികമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!