ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം: സൗദിയിലേക്കുള്ള സർവീസ് നിർത്തിവെക്കൽ നീട്ടി എയർ ഇന്ത്യ എക്സ്പ്രസ്
റിയാദ്: ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തലാക്കിയത് ഈ മാസം 20 വരെ നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കാണ് ഈ നിയന്ത്രണം ബാധകം.
മേഖലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അതിനനുസരിച്ച് സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർലൈൻ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും റീഫണ്ട് നൽകാനോ അല്ലെങ്കിൽ അധിക തുക ഈടാക്കാതെ മറ്റൊരു തിയതിയിലേക്ക് സൗജന്യമായി യാത്രാ സമയം മാറ്റിനൽകാനോ ഉള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ വിവരങ്ങൾ airindiaexpress.com വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ബുക്കിങ്ങിൽ നൽകിയിട്ടുള്ള ഫോൺ നമ്പറുകളും വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.


