പന്തീരാങ്കാവില് ബൈക്കിന് പിന്നില് ലോറിയിടിച്ച് വിദ്യാര്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയപാതയില് പന്തീരാങ്കാവ് ടോള് പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നില് ലോറിയിടിച്ച് ബികോം വിദ്യാര്ഥി മരിച്ചു. കൊടുവള്ളി കരുവംപൊയില് പ്രാവില് സ്വദേശി അബ്ദുറഹിമാന് (മജു-21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ഇരുവാഹനങ്ങളും രാമനാട്ടുകര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അബ്ദുറഹിമാന് സഞ്ചരിച്ച ബൈക്കിന് പിന്നില് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ ഉടന് സമീപത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദ്ദേഹം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ഫാറൂഖ് കോളജില് ബികോം അവസാനവര്ഷ വിദ്യാര്ഥിയായിരുന്നു അബ്ദുറഹിമാന്.


