മിക്ക ഗൾഫ് രാജ്യങ്ങളിലു മാർച്ച് 23ന് വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കാൻ സാധ്യത
2023 ലെ റമദാൻ വ്രതാരംഭം മാർച്ച് 23 വ്യാഴാഴ്ച ആരംഭിക്കാനാണ് സാധ്യതയെന്ന് സൌദിയിലെ ഗോളശാസ്ത്ര വിഭാഗം അഭിപ്രായപ്പെട്ടു. മാർച്ച് 21 ന് ചൊവ്വാഴ്ച അഥവാ ശഅബാൻ 29ന് സൂര്യാസ്തമയത്തിന് ശേഷം റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയും മറ്റു അറബ്, ഇസ്ലാമിക ലോക രാജ്യങ്ങളും നിർദേശം നൽകും. എന്നാൽ അന്ന് മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ല.
മാർച്ച് 21 ന് ചൊവ്വാഴ്ച അഥവാ ശഅബാൻ 29ന് സൂര്യാസ്തമനത്തിന് മുമ്പ് തന്നെ ചന്ദ്രൻ അസ്തമിക്കും. അതിനാൽ അന്ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നാണ് അറബ് വെതർ ടീം നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും സൂചിപ്പിക്കുന്നത്.
മാർച്ച് 21ന് ചൊവ്വാഴ്ച അഥവാ ശഅബാൻ 29ന് 5:54 നാണ് ചന്ദ്രൻ അസ്തമിക്കുക, എന്നാൽ അന്ന് സൂര്യാസ്തമയം 6:05 ന് ആയിരിക്കും. ഇക്കാരണത്താൽ തന്നെ ചൊവ്വാഴ്ച മാസപ്പിറവി കാണാനാകില്ല. ഈ സാഹചര്യത്തിൽ തൊട്ടടുത്ത ദിവസമായ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കുകയും, മാർച്ച് 23ന് വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കുകയും ചെയ്യേണ്ടി വരും.