അടുത്ത ഞായറാഴ്ച വരെ മിക്ക പ്രദേശങ്ങളിലും മഴയും മഞ്ഞു വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
സൌദിയിൽ മിക്ക പ്രദേശങ്ങളിലും അടുത്ത ഞായറാഴ്ച വരെ മഴക്കും താപനില കുറയാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, മദീനയുടെ വടക്ക് മേഖല എന്നിവിടങ്ങളിൽ നാളെ (ബുധൻ) പുലർച്ചെ മുതൽ (വെള്ളി) രാവിലെ വരെ താപനില കുറയുമെന്നും മഞ്ഞ് രൂപപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ താപനില 1 നും 5 ഡിഗ്രിക്കും ഇയിലെത്തും.
ജനുവരി 15 (വ്യാഴം) മുതൽ (ഞായർ) വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഈ ദിവസങ്ങളിൽ മക്ക, അസീർ, അൽ ബഹ, ജിസാൻ എന്നിവിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇത് മഴവെള്ളപ്പാച്ചിലിന് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിലും മിന്നലും മഴയും ഉണ്ടാകും. അൽ ഖസീം, ഹായിൽ,വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, തബൂക്ക്, മദീന എന്നിവിടങ്ങളിൽ (വെള്ളിയാഴ്ച) മുതൽ (ഞായർ) വരെ നേരിയതോ ഇടത്തരമോ ആയ മഴക്ക് സാധ്യതയുണ്ട്.
മക്ക മേഖലയിലെ അൽ-ലൈത്ത് ഗവർണറേറ്റിലെ “സയാ” ഗ്രാമത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ മഴ പെയ്തത്, ഇവിടെ 61.8 മില്ലിമീറ്റർ മഴ വർഷിച്ചു. തായിഫ് ഗവർണറേറ്റിലെ അൽ-ഷിഫയിൽ 22.3 മി.മീറ്ററും, അൽ-ഖാസിം മേഖലയിൽ ബുറൈദ ഗവർണറേറ്റിലെ തെക്കൻ ബത്തീൻ സെന്ററിൽ 30.5 മില്ലീമീറ്ററും അൽ-അസിയാഹ് ഗവർണറേറ്റിലെ ഖുബ്ബാ സെന്ററിൽ 9.2 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി കാർഷിക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക