സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മന്ത്രിമാര്‍ക്കും MLA മാര്‍ക്കും കോളടിച്ചു; അലവന്‍സുകള്‍ 35% വരെ കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും അലവന്‍സുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശകളുള്ളത്. അലവന്‍സുകളും ആനൂകൂല്യങ്ങളും 30% മുതല്‍ 35 % വരെ കൂട്ടാനാണ് കമ്മീഷന്‍ ശുപാര്‍ശ. യാത്ര ചെലവുകള്‍, ഫോണ്‍ സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ധനവ് വേണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.

ദൈനം ദിന ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ കമ്മീഷനാക്കി നിയോഗിച്ചത്. കഴിഞ്ഞ ജൂലായില്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം കമ്മീഷനെ നിയോഗിച്ചപ്പോള്‍ ആറുമാസമായിരുന്നു കാലാവധി. ഇത് പിന്നീട് ഉത്തരവായി ഇറങ്ങിയപ്പോള്‍ കാലാവധി മൂന്ന് മാസമായി കുറച്ചു.

പഠനങ്ങള്‍ക്ക് ശേഷം രണ്ടാഴ്ച മുമ്പ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ വ്യത്യാസം വരുത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. എന്നാല്‍ ടി.എ അടക്കമുള്ള അലവന്‍സുകളിലാണ് പ്രധാനമായും ശ്രദ്ധ കൊടുത്തത്. ടി.എ കിലോമീറ്ററിന് 15 എന്നത് 20 രൂപയാക്കി ഉയര്‍ത്തണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം.

 

എംഎൽഎയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ: 

∙പ്രതിമാസ സ്ഥിര അലവൻസ്– 2,000 രൂപ

∙മണ്ഡലം അലവൻസ്– 25,000 രൂപ

∙ടെലിഫോൺ അലവൻസ്– 11,000 രൂപ

∙ഇൻഫർമേഷൻ അലവൻസ്– 4,000 രൂപ

∙മറ്റ് ആവശ്യങ്ങൾക്കുള്ള ചെലവുകൾ– 8,000 രൂപ

∙മിനിമം പ്രതിമാസ ടിഎ– 20,000 രൂപ

∙സ്വകാര്യ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഒരു വർഷത്തേക്ക്– 3 ലക്ഷം രൂപ

∙ നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ അലവൻസ്– കേരളത്തിനകത്ത് ദിവസം– 1000 രൂപ

∙ ചികിത്സാ ചെലവ് മുഴുവൻ റീ ഇംബേഴ്സ്മെന്റ്.

∙ പലിശരഹിത വാഹന വായ്പ– 10 ലക്ഷം രൂപ വരെ

∙ ഭവന വായ്പ അഡ്വാൻസ്– 20 ലക്ഷം രൂപ

∙ പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം– 15.000 രൂപ.

 

2018 ലാണ് ഇതിന് മുന്‍പ് ശമ്പള വര്‍ധന നടപ്പാക്കിയത്. ഇതനുസരിച്ച് മന്ത്രിമാര്‍ക്ക് നിലവില്‍ 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയും ആണ് നിലവില്‍ ശമ്പളം. ഇതിന്റെ നല്ലൊരു ഭാഗം അലവന്‍സുകളാണ്. ഇത്തവണയും അലവന്‍സുകള്‍ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയാണ്‌ രാമചന്ദ്രന്‍ നായര്‍ കമ്മീഷനും നല്‍കിയിരിക്കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുമോയെന്ന് കണ്ടറിയണം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ തിരക്കിട്ട തീരുമാനമുണ്ടാകില്ലെന്നാണ് കരുതുന്നത്.

“എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളമായി അധികം വകയിരുത്താറില്ല. കഴിഞ്ഞ കമ്മീഷന്റെ കാലത്ത് അങ്ങനെ ഒരു നിര്‍ദ്ദേശം വന്നിരുന്നെങ്കിലും എല്ലാവരും ചേര്‍ന്ന് ശമ്പളം വര്‍ധിപ്പിക്കേണ്ടെന്നും കാലോചിതമായി അലവന്‍സുകള്‍ വര്‍ധിപ്പിച്ചാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശിച്ചിരുന്നത്. അങ്ങനൊരു നിലപാട് ഉള്ളതിനാല്‍ അടിസ്ഥാന ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ല. കാലോചിതമായി പുതുക്കണമെന്ന് ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. രണ്ടാഴ്ചയ്ക്ക് മുമ്പ് അത് സമര്‍പ്പിക്കുകയും ചെയ്തു. അലവന്‍സുകളില്‍ ഏകദേശം 30 മുതല്‍ 35 ശതമാനം വരെ ഉയര്‍ത്താമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്” – ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!