സൈക്കിളിൽ പോയ വിദ്യാർഥിയെ ഇടിച്ചിട്ടു; കാറിൽ കുരുങ്ങിയ കാലുമായി വലിച്ചിഴച്ചത് ഒരു കി.മീ – വീഡിയോ

ഡൽഹിയിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിടിച്ചു വീഴ്ത്തിയ ശേഷം വലിച്ചിഴച്ചതിനു സമാന സംഭവം യുപിയിലും. ഉത്തർപ്രദേശിലെ ഹർദോയിൽ പതിനഞ്ചു വയസ്സുകാരനായ സ്കൂൾ കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വേഗത്തിലോടുന്ന കാർ കുട്ടിയെ ഒരു കിലോമീറ്ററോളം വഴിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വെള്ളിയാഴ്ച വൈകിട്ട് കോച്ചിങ് സെന്റ‌റിൽനിന്നു സൈക്കിളിൽ മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥി കേതൻ കുമാറിനെ പിന്നിലൂടെ വന്ന കാർ ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽനിന്നു താഴെ വീണ കേതന്റെ കാൽ കാറിന്റെ പിൻഭാഗത്ത് കുടുങ്ങി. തുടർന്ന് കേതനെയും വലിച്ചു കൊണ്ട് കാർ‌ പാഞ്ഞു. ദൃക്സാക്ഷികൾ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അതൊന്നും കേൾക്കാതെ പാഞ്ഞു.

കാറിന്റെ പിൻഭാഗത്ത് കുടുങ്ങിയ കാൽ പുറത്തെടുക്കാൻ കേതൻ ശ്രമം നടത്തുന്നത് സിസിടിവിയിൽ കാണാം. കാർ നിർത്താൻ ആവശ്യപ്പെട്ട് അവിടെ കൂടി നിന്നവർ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തിരക്കുള്ള ഒരു മാർക്കറ്റിൽ എത്തിയപ്പോൾ ആളുകൾ കാറിനു ചുറ്റും കൂടിയതോടെയാണ് കാർ നിർത്തിയതും ചേതനെ രക്ഷിച്ചതും. രോഷാകുലരായ ആൾക്കൂട്ടം കാർ അടിച്ചു തകർക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

 

 

ചേതനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ആളുകൾക്കിടയിൽനിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഇയാളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം നോയിഡയിലും ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ഡെലിവറി ഏജന്റിനെ ഇടിച്ചിട്ട കാർ അയാളെയും കൊണ്ട് 500 മീറ്ററോളം പാഞ്ഞത് വാർത്തയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!