ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി ഉടൻ കൈമാറും
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതിന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറും.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്ന് മന്ത്രി ഒ.ജെ. ജെനീഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് നിയമന നടപടികൾ പൂർത്തിയാക്കിയത്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിയമന ഉത്തരവ് കൈമാറാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, രാജ്യാന്തര ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി വിദർശ വിദേശത്തായിരുന്നതിനാൽ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, ഡയറക്ടർ അഖിൽ വി. മേനോൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും.


