‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’; ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ട് സൈന്യത്തിന്റെ വലയിൽ, കീഴടങ്ങാൻ വിഡിയോ കോളിൽ നിർദേശം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ട് കുടുങ്ങി. നവംബർ 11ന് സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഭട്ടാണ്.
ഭട്ടിന്റെ ഒളിത്താവളം വളഞ്ഞ സുരക്ഷാ സേന, വിഡിയോ കോൾ ചെയ്ത് കീഴടങ്ങാൻ ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’–ഒരു ഉദ്യോഗസ്ഥൻ ഭട്ടിനോട് പറയുന്നത് വിഡിയോയിൽ കേൾക്കാം. പ്രദേശത്ത് കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
കുൽഗാമിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഭീകരൻ ഉമർ നിസാർ ദർ 6 മാസത്തോളം ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ ഒളിവിൽ താമസിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ബുധനാഴ്ച കുൽഗാമിൽ സിആർപിഎഫ് പോസ്റ്റ് ആക്രമിച്ചത് ഇരുവരും ചേർന്നായിരുന്നു. ലാറു ബൈപ്പാസിനു സമീപം ഇവർ ഒളിച്ചിരുന്ന സ്കൂൾ കെട്ടിടം വളഞ്ഞാണ് സുരക്ഷാസേന ഉമറിനെ വധിച്ചത്. ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും വെടിയേറ്റ ഇയാൾ കടന്നുകളഞ്ഞതായി പിന്നീട് സ്ഥിരീകരിച്ചു. ഡ്രോണുകളുടെ സഹായത്തോടെയാണ് ഭട്ടിനായി തിരച്ചിൽ നടക്കുന്നത്.
പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ ഭാഗമായ ദ് റെസിസ്റ്റന്റ് ഫ്രണ്ടിൽ അടുത്തിടെയാണ് ഉമർ ചേർന്നത്. ഉമറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഈ മാസം 11ന് അഖ്റൻ ഗ്രാമത്തിലെ സിആർപിഎഫ് പോസ്റ്റിനു നേരെ നടന്ന ആക്രമണത്തിൽ 3 സൈനികർക്ക് പരുക്കേറ്റിരുന്നു.
…..


