ലഹരി സംഘത്തിൽ സഹോദരനും സഹോദരിയും; നീതുവിനായി നാടാകെ അന്വേഷണം, വാടക വീടെടുത്ത് സുഖവാസം
കൊച്ചി: ആഡംബര ഹോട്ടലിലെ പാർട്ടിക്ക് ലഹരിമരുന്നു വിതരണം ചെയ്ത കേസിലെ പ്രധാന പ്രതിയുടെ സഹായി പിടിയിലായപ്പോൾ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ.
കേസിലെ പ്രധാന പ്രതി തൊടുപുഴ സ്വദേശി കെവിൻ ബി.മാത്യു (42)വിന്റെ സഹായി തിരുവല്ല മുത്തൂർ മുളയ്ക്കൽ വീട്ടിൽ നീതു എസ്.കുമാർ (38) ഇന്നലെ തിരുവല്ലയിൽവച്ച് തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു. കെവിനു ലഹരിമരുന്ന് എത്തിച്ചതിന് എക്സൈസ് സംഘം മുൻപു പിടികൂടിയ വിപിൻ എസ്.കുമാറിന്റെ (30) സഹോദരിയാണ് നീതു.
കഴിഞ്ഞ ഏപ്രിലിലാണ് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി കെവിൻ ബി.മാത്യു അറസ്റ്റിലായത്. അന്നുതന്നെ, ഇയാളുടെ പ്രധാന സഹായി നീതുവാണെന്നും ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടത്തുന്നത് അവരാണെന്നും പൊലീസിനു മനസ്സിലായിരുന്നു.
കെവിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ പരിശോധനയാണ് നീതുവിലേക്ക് അന്വേഷകരെ എത്തിച്ചത്. ലഹരിമരുന്ന് വാങ്ങുന്നതിനും വിൽക്കുന്നതിനുമായി നീതു 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തിയതായി തെളിഞ്ഞു. ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഒളിവിൽ പോയി. തുടർന്നാണ് തിരുവല്ലയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്നതായി അറിഞ്ഞ് തൃക്കാക്കര പൊലീസ് എത്തി പിടികൂടിയത്.
കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ ഡോക്ടർമാരും അഭിഭാഷകരും അടങ്ങുന്ന എട്ടംഗ സംഘത്തിന് ലഹരിമരുന്നു നൽകിയ കേസിന്റെ അന്വേഷണത്തിലാണ് കെവിൻ പിടിയിലായത്. ആഡംബര പാർട്ടികൾക്കും സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണു കെവിന് എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ അന്വേഷണത്തിനിടെയാണ് വൈറ്റിലയിൽ വച്ച് തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പിൽ വരുൺ ദേവും (35) കൂട്ടാളി വിപിൻ കുമാറും പിടിയിലായത്.
കോട്ടയത്തു നിന്ന് 232 ഗ്രാം എംഡിഎംഎയുമായി വരികയായിരുന്നു ഇവർ. ഡൽഹിയും ബെംഗളൂരുവും അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് വലിയ അളവിൽ എംഡിഎംഎയും മറ്റും കോട്ടയത്ത് എത്തിച്ച് സൂക്ഷിക്കുകയും ചെറിയ അളവിലാക്കി കെവിൻ ഉൾപ്പെടെയുള്ള വിതരണക്കാർക്കു നൽകുകയുമായിരുന്നു വരുണിന്റെ രീതി എന്നാണ് എക്സൈസ് പറയുന്നത്. പണമായിട്ടാണ് ഇതിന്റെ പ്രതിഫലം വരുൺ സ്വീകരിച്ചിരുന്നത്.
വരുണിൽനിന്നു ലഹരിമരുന്നു വാങ്ങിയിരുന്ന പറവൂർ മന്നം സ്വദേശി സിദ്ധിഖ് (27), പെൺസുഹൃത്ത് ഫിനല മരിയ ഡി റോസാരിയോ (18) എന്നിവരെ കലൂരിലെ ഹോട്ടലിൽനിന്ന് 49 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽനിന്നു കിട്ടിയ വിവരമനുസരിച്ചാണ് വരുണിനെയും വിപിനെയും പിടികൂടിയത്. പിന്നാലെ, ഇന്നലെ നീതു കൂടി പിടിയിലായതോടെ കൊച്ചിയിലേയും മറ്റും ഉന്നതർക്കും ആഡംബര പാർട്ടികൾക്കുമൊക്കെ രാസലഹരി എത്തിച്ചിരുന്ന സംഘത്തിന്റെ പ്രവർത്തന രീതി കൂടിയാണ് വെളിപ്പെടുന്നത്.


