സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മഴ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളൊഴികെയുള്ള പത്ത് ജില്ലകളിലും നാളെ ഓറഞ്ച് അലേർട്ടാണ്. ഈ നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.
മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ തീരമേഖലയിൽ കള്ളക്കടൽ ജാഗ്രതാ നിർദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26 വരെ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.


