കർണാടക നിയമസഭ പൊട്ടിത്തെറിക്കുന്ന എഐ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ
ബെംഗളുരു: കർണാടക നിയമസഭ ബോംബ് വെച്ച് തകർക്കുന്ന എഐ ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ഹസ്രത് അലി ഷുഹൈബ് (25) ആണ് ബെംഗളൂരു പൊലീസിൻ്റെ പിടിയിലായത്.
കർണാടക നിയമസഭയായ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോ എഐ സഹായത്തോടെ മാറ്റിയ ശേഷമായിരുന്നു യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിധാന സൗധയ്ക്ക് നേരെ വിരലുകൾകൊണ്ട് തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിക്കുകയും പിന്നാലെ കെട്ടിടത്തിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
‘ബോംബ് വെച്ച് നിയമസഭ തകർത്തു’ എന്ന ക്യാപ്ഷനോട് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പൊലീസിൻ്റെ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത വിധാന സൗധ പൊലീസ്, ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷുഹൈബ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.


