സൗഹൃദത്തിന്റെ സ്മാഷുകൾ, ആവേശത്തിന്റെ നിമിഷങ്ങൾ; ടി.എം.ഡബ്ല്യു.എ. ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
ജിദ്ദ: അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കി ടി.എം.ഡബ്ല്യു.എ ജിദ്ദ ഇൻ-ഹൗസ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി പൂർത്തിയായി. 2026 ഒക്ടോബർ 16 വെള്ളിയാഴ്ച അൽ ഫൈഹ ഡിസ്ട്രിക്ടിലെ അൽ അന്ദലൂസ് ഇന്റർനാഷണൽ സ്കൂളിലുള്ള വിവ ബാഡ്മിന്റൺ അക്കാദമിയുടെ പുതിയ കോർട്ടിലെ ഉദ്ഘാടന മത്സരങ്ങളായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ആവേശകരമായ മത്സരങ്ങൾക്കും സൗഹൃദ സംഗമത്തിനും വേദിയായ ഈ ടൂർണമെന്റ് നിഹാൽ അസ്ലമിന്റെ ഖിറാഅത്തോടെയാണ് തുടക്കമായത്. ടി.എം.ഡബ്ല്യു.എ. പ്രസിഡന്റ് അർഷദ് അച്ചാരത്ത് ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അലി എ.പി.എം., സലീം വി.പി., അനീസ് എ.കെ. എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബിഗിനേഴ്സ്, അമച്വർ, പ്രൊഫഷണൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ബിഗിനേഴ്സ് വിഭാഗത്തിൽ, ഉമർ റഫീഖ് – ഹംദാൻ ഇസാം സഖ്യത്തെ പരാജയപ്പെടുത്തി സഹദ് – നഹൽ സഖ്യം ചാമ്പ്യന്മാരായി.
അമച്വർ വിഭാഗത്തിൽ, ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇഹാൻ നിഷാദ് – ഫൈസാൻ ഫഹദ് സഖ്യത്തെ കീഴടക്കി മാസിൻ – ഇർഫാൻ സഖ്യം കിരീടം ചൂടി.
പ്രൊഫഷണൽ വിഭാഗത്തിൽ, ഗുൽസാർ – സജാദ് സഖ്യത്തെ പരാജയപ്പെടുത്തി നിഷാദ് – ദാവൂദ് കൈതാൽ സഖ്യം ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ ചീഫ് റഫറിയായ നാസർ കണ്ണൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ഇവന്റ്സ് ഹെഡ് ഷംസീർ കെ.എം. നയിച്ച ചടങ്ങിൽ ടി.എം.ഡബ്ല്യു.എ. പ്രസിഡന്റ് അർഷദ് അച്ചാരത്ത്, സെക്രട്ടറി മഖ്ബൂൽ കെ.കെ., ഷംസീർ കെ.എം., എക്സിക്യൂട്ടീവ് അംഗങ്ങളായ നിർഷാദ്, സിയാദ് കിടാരൻ, സഹ്നാസ്, ഹസ്സൻ സഫറുള്ള, റഫീഖ് പെരൂൾ, ദാവൂദ് കൈതാൽ എന്നിവരും അതിഥികളായ റാഷിദ്, അഹ്മദ് കബീർ എന്നിവരും ചടങ്ങിൽ സംബന്ധിച്ച് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
കേവലം ഒരു കായിക മത്സരമെന്നതിലുപരി, കളിക്കളത്തിലെ ആവേശത്തിനൊപ്പം മറ്റു അംഗങ്ങളുടെ സജീവ പങ്കാളിത്തവും പരസ്പര സൗഹൃദവും ഒത്തുചേർന്നതോടെ ടൂർണമെന്റ് മനോഹരമായൊരു കൂട്ടായ്മയായി മാറി.


