അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിച്ചു കടത്തിയത് ലക്ഷങ്ങളുടെ മദ്യം; ‘പ്രിയം പ്രീമിയം’, അന്വേഷണം
തിരുവനന്തപുരം: അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞും ബവ്കോ വിൽപനശാലകളിൽ നിന്നു കഴിഞ്ഞ ഒരുമാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. സ്റ്റോക്കും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പ്രീമിയം കൗണ്ടറുകളിൽ നിന്നും വിലകൂടിയ മദ്യം കടത്തിയവരിൽ യുവാക്കളും ഇതര സംസ്ഥാനക്കാരുമുണ്ട്.
തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഷോപ്പിൽ മോഷണം നടത്തിയ സംഘം നഗരത്തിലെ നാല് ഷോപ്പുകളിൽ കൂടി മോഷണം നടത്തിയതായി കണ്ടെത്തി. 4000 രൂപയ്ക്ക് മുകളിൽ വിലവരുന്ന മദ്യംവരെ ഇങ്ങനെ മോഷ്ടിച്ചിട്ടുണ്ട്. കണക്കെടുപ്പിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചതോടെയാണ് പ്രീമിയം കൗണ്ടറിലെ മദ്യ മോഷണം തെളിഞ്ഞത്. ഇതോടെ, സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മദ്യം കടത്തിയവരെ കണ്ടെത്താനായിട്ടില്ല. മദ്യം സ്വന്തംനിലയിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന പ്രീമിയം കൗണ്ടറുകളിലെ ദുരുപയോഗം അവസാനിപ്പിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.
…


