അയോണയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചു; ലഭിക്കുക പാറശാല സ്വദേശിയായ 27 വയസ്സുള്ള യുവതിക്ക്

തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽനിന്നു ചാടി മരിച്ച പതിനേഴുകാരിയുടെ കിഡ്‌നി അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കണ്ണൂരിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് വൃക്ക തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. 

രാവിലെ 10.42ന് വൃക്ക തിരുവനന്തപുരം എയർപോർട്ടിലും 11 മണിയോടെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും എത്തിച്ചു. പൊലീസിന്റെ സഹായത്തോടെയാണ് അവയവം റോഡ് മാർഗം അതിവേഗമെത്തിച്ചത്.

ആദ്യം ഹെലികോപ്റ്ററിൽ കൊണ്ടുവരാനാണ് തീരുമാനിച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം യാത്ര ഇൻഡിഗോ വിമാനത്തിലേക്ക് മാറ്റി. ഇതാദ്യമായാണ് യാത്രാവിമാനത്തിൽ അവയവം കൊണ്ടുവരുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കെ സോട്ടോ നോഡൽ ഓഫിസർ ഡോക്ടർ നോബിൾ പറഞ്ഞു. കണ്ണൂർ മെഡിക്കൽ കോളജിലെ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ നമിതയാണ് വൃക്കയുമായി വിമാനത്തിൽ തിരുവനന്തപുരത്തേക്കുവന്നത്.

ചികിത്സയിൽ തുടരവേ ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്നാണ് അയോണ മോൺസന്റെ രണ്ട് വൃക്കകളും കരളും കോർണിയയും ദാനം ചെയ്തത്. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലു പേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്തത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും കോഴിക്കോട് ആസ്റ്റർ മിംസിലേക്കും കരൾ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്കും കോർണിയ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുമാണ് നൽകിയത്.

Share