30 വയസ്സുള്ള അമ്മയുടെ ഏഴാം പ്രസവം, മറ്റൊരുകുഞ്ഞ്‌ നേരത്തേ മരിച്ചു; പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു

ഹരിപ്പാട്: 30 വയസ്സുള്ള യുവതിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ ആറാം പ്രസവത്തിലെ രണ്ടുവയസ്സുള്ള ആൺകുഞ്ഞ് പോഷകാഹാരക്കുറവുമുലം മരിച്ചു. കുപ്പിപ്പാൽ തൊണ്ടയിൽക്കുടുങ്ങി മരിച്ചതായാണ് അച്ഛൻ പോലീസിനെ അറിയിച്ചത്. എന്നാൽ, ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.

മറ്റൊരു ആൺകുട്ടിയും നേരത്തേ സമാനരീതിയിൽ മരിച്ചിരുന്നു. നാലു പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. അമ്മയും ഏഴാമത്തെ ആൺകുട്ടിയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

കാർത്തികപ്പള്ളി സ്വദേശികളായ ദമ്പതിമാരുടെ മകനാണു മരിച്ചത്. ഈ കുടുംബം തൃക്കുന്നപ്പുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ല. കഴിഞ്ഞദിവസം യുവതിക്കു പ്രസവസമ്പന്ധമായ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ പൊതുപ്രവർത്തകർ ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വെള്ളിയാഴ്ച പ്രസവിച്ചു.

ശനിയാഴ്ച രാവിലെയാണ് വീട്ടിൽ അച്ഛന്റെ പരിചരണത്തിലായിരുന്ന കുട്ടി മരിച്ചത്. നാട്ടുകാർ ദുരൂഹതയാരോപിച്ചതിനാൽ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.

കുമാരപുരത്തെ വഴിയോരത്ത് ഷീറ്റ് കെട്ടി താമസിക്കുന്നതിനിടെ ആറുമാസം മുൻപ് നാട്ടുകാർ ഇടപെട്ട് അമ്മയ്ക്കും മക്കൾക്കും പത്തനാപുരം ഗാന്ധിഭവൻ അഭയം നൽകിയതാണ്. ദിവസങ്ങൾക്കുശേഷം അവിടന്ന് മടങ്ങി.

Share