‘നൂറക്കും സാറക്കും’ ഇനി പുതുജീവിതം; സയാമീസ് ഇരട്ടകളെ സൗദിയിൽ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി
റിയാദ്: ഫിജിയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ ‘നൂറയുടെയും സാറയുടെയും’ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ജനനം മുതൽ ഒരേ ശരീരമായി ജീവിച്ച ഈ കുഞ്ഞുങ്ങൾ, സൗദി അറേബ്യയുടെ ആഗോള സയാമീസ് ശസ്ത്രക്രിയ പ്രോഗ്രാമിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കണ്ണുതുറന്നിരിക്കുകയാണ്.
മണിക്കൂറുകൾ നീണ്ട സങ്കീർണമായ മെഡിക്കൽ ദൗത്യത്തിനൊടുവിലാണ് സൗദിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇവരെ പരസ്പരം വേർപെടുത്തിയത്. ഫിജിയിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ചരിത്രത്തിലെ ആദ്യത്തെ ശസ്ത്രക്രിയ കൂടിയാണിത്.
‘ജാസ്ബെല്ല’, ‘ഡെസിസിയ’ എന്നീ പേരുകളിലാണ് ഈ കുഞ്ഞുങ്ങൾ ഇതിനുമുമ്പ് ലോകമറിഞ്ഞിരുന്നത്. ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ച വേളയിൽ, സൗദി അറേബ്യയോടും ഇവിടുത്തെ മെഡിക്കൽ ടീമിനോടുമുള്ള ആദരസൂചകമായി മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് പുതിയ പേരുകൾ നൽകുകയായിരുന്നു. മെഡിക്കൽ-ശസ്ത്രക്രിയാ സംഘത്തിന്റെ തലവനായ ഡോ. അബ്ദുല്ല അൽ റബീഅയോട് കുട്ടികൾക്ക് അനുയോജ്യമായ പേരുകൾ നിർദേശിക്കാൻ മാതാപിതാക്കൾ അഭ്യർഥിക്കുകയും, അദ്ദേഹത്തിന്റെ നിർദേശപ്രകാരം ‘നൂറ’, ‘സാറ’ എന്ന് പുനർനാമകരണം ചെയ്യുകയുമായിരുന്നു. വെറുമൊരു പേരുമാറ്റത്തിനപ്പുറം, തങ്ങളുടെ മക്കൾക്ക് നവജീവൻ സമ്മാനിച്ച രാജ്യത്തോടുള്ള ഒരു കുടുംബത്തിന്റെ കടപ്പാടും പ്രതീക്ഷയുമായിരുന്നു ഈ ചടങ്ങ്.
സൽമാൻ രാജാവിന്റെയും കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദേശത്തെ തുടർന്നാണ് 13 മാസം പ്രായമുള്ള ഇരട്ടകളെ സൗദിയിലെത്തിച്ചത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് സർജറി, യൂറോളജി എന്നീ വിഭാഗങ്ങളിലെ പ്രമുഖ കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും ടെക്നിക്കൽ, നഴ്സിംഗ് സ്റ്റാഫുകളുമടക്കം 34 അംഗ വിദഗ്ധ സംഘമാണ് ഈ സങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
….


