നാളെ വരുമെന്നുപറഞ്ഞ് അഫ്താബ് ഉമ്മയെ വിളിച്ചു; എത്തിയത് ചേതനയറ്റ്

കോഴിക്കോട്: വ്യാഴാഴ്ച രാത്രി ഉമ്മ ഷെമിയെ വിളിച്ച് താൻ നാളെ അരക്കിണറിലെ വീട്ടിലെത്തുമെന്ന് അഫ്താബ് പറഞ്ഞതാണ്. പക്ഷേ, ചേതനയറ്റ ശരീരമായാണ് വെള്ളിയാഴ്ച രാത്രി ‘അഫ്താബ് മൻസിലി’ൽ എത്തിയത്.

കണ്ടുനിന്നവർക്കുപോലും ആ വീട്ടിലെ സങ്കടനിമിഷങ്ങൾ താങ്ങാൻ കഴിഞ്ഞില്ല. ദുരന്തവാർത്തയറിഞ്ഞ് നാടാകെ വിറങ്ങലിച്ചുപോയിരുന്നു. വാഴയൂർ സാഫി കോളേജിൽനിന്ന് ബയോടെക്‌നോളജി കോഴ്‌സ് കഴിഞ്ഞശേഷം എറണാകുളത്ത് ഉമ്മയുടെ വീട്ടിലായിരുന്നു അഫ്താബ്. അവിടെനിന്ന് തത്കാലം ഒരു ടെക്‌സ്റ്റൈൽസിലും പോവാറുണ്ടായിരുന്നു.

കഴിഞ്ഞദിവസമാണ് അവിടെനിന്ന് സുഹൃത്തുക്കളെക്കാണാൻ ബെംഗളൂരുവിലേക്ക് പോയത്. പോയി കണ്ടുമടങ്ങുന്നതിനിടയിലാണ് ഹൊൻസൂരിൽവെച്ച് ബസിൽ ലോറിയിടിച്ച് അഫ്താബ് അടക്കം നാലുപേർ മരിച്ചത്.

പൂജാ അവധിയുമായി ബന്ധപ്പെട്ട തിരക്കുകാരണം ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടുള്ള ബസിൽ അവസാനമാണ് അഫ്താബിന് സീറ്റുകിട്ടിയത്. പക്ഷേ, അത് മരണത്തിലേക്കുള്ള യാത്രയായി.

ഹിഷാമിന്റെ രണ്ടുമക്കളിൽ മൂത്തയാളാണ് അഫ്താബ്. അഫ്താബിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാത്രി കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ കബറടക്കി. ദുരന്തത്തിൽ മരിച്ച മറ്റൊരു കോഴിക്കോട്ടുകാരൻ മാങ്കാവ് കുറ്റിയിൽതാഴം സജേഷ് കുറേക്കാലങ്ങളായി, അപകടത്തിൽപ്പെട്ട കാവേരി ട്രാവൽസിലെ ജീവനക്കാരനാണ്.

ബുധനാഴ്ചയാണ് വീട്ടിൽവന്ന് മടങ്ങിയത്. മകനെ കാത്തിരുന്ന അച്ഛൻ ശിവനും അമ്മ ശ്യാമളയും വീട്ടിലെ ടി.വി.യിലൂടെ അറിഞ്ഞത് ഹൊൻസൂരിലെ അപകടത്തിൽ സജേഷിനും ജീവൻ നഷ്ടമായെന്ന വാർത്തയാണ്. തകർന്നുപോയ പ്രായമായ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻപോലും ഓടിയെത്തിയവർക്ക് കഴിഞ്ഞില്ല. വെള്ളിയാഴ്ച പുലർച്ചെതന്നെ മരണവാർത്ത പ്രചരിച്ചിരുന്നു.

വീട്ടുകാർ അറിയരുതേ എന്ന പ്രാർഥനയിലായിരുന്നു നാട്ടുകാർ മുഴുവൻ. പക്ഷേ, ടെലിവിഷൻ വാർത്തയിലുടെ അച്ഛൻ ശിവനാണ് ആദ്യം ദുരന്തവിവരമറിയുന്നത്. കുറ്റിയിൽത്താഴം റേഷൻ ഷോപ്പിന് സമീപം രണ്ടുവർഷമായി വീടെടുത്ത് താമസം തുടങ്ങിയിട്ട്. ശനിയാഴ്ച രാവിലെ 11 മണിക്ക് മാവൂർറോഡ് ശ്മശാനത്തിൽ സജേഷിന്റെ മൃതദേഹം സംസ്‌കരിക്കും.

ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ എ.സി. സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മൂന്ന്മലയാളികളടക്കം നാലുപേർ മരിച്ചു. മൈസൂരു-മംഗളൂരു ദേശീയപാതയിൽ പെരിയപട്ടണയ്ക്ക് സമീപം കിരണഗള്ളിഗേറ്റിൽ വെള്ളിയാഴ്ച പുലർച്ചെ 3.45-നായിരുന്നു അപകടം. കാവേരി ട്രാവൽസിന്റെ ബസ് മൈസൂരുവിലേക്കു വരുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. മഴയിൽ കടപുഴകിയ മരം റോഡിൽ വീണുകിടന്നതിനാൽ ഇതുവഴിവന്ന ലോറി ഒരുവശത്തേക്ക് വെട്ടിച്ചപ്പോൾ ബസിന്റെ മുൻഭാഗത്ത് വന്നിടിക്കുകയായിരുന്നു.

ബസ് ജീവനക്കാരനായ കോഴിക്കോട് മാങ്കാവ് ഉള്ളാട്ടിൽ പറമ്പിൽ ശിവന്റെ മകൻ സജേഷ് (33), ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, യാത്രക്കാരായ ബേപ്പൂർ അരക്കിണർ അഫ്താബ് മൻസിലിൽ ഹിഷാമിന്റെ മകൻ അഫ്താബ് (22), മലപ്പുറം നിലമ്പൂർ കവളമുക്കട്ടയിലെ ഷിബിൽ ആദം (32) എന്നിവരാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു.

നിലമ്പൂർ പൂക്കോട്ടുപാടം കവളമുക്കട്ടയിലെ കുനിക്കാടൻ ആദമിന്റെ മകനാണ് ഷിബിൽ. മാതാവ് റംലത്ത്. സഹോദരങ്ങൾ: അമൽ, നവൽ. അഫ്താബ് വാഴയൂർ സാഫി കോളേജിൽനിന്ന് ഈ വർഷമാണ് ബയോടെക്നോളജിയിൽ ബിരുദം പൂർത്തിയാക്കിയത്. മാതാവ് ഷെമി. സഹോദരൻ: മുഹാബ്.

Share