പോസ്റ്റ്മോർട്ടം വേണ്ടെന്ന് പൊലീസ്; മുഴുവൻ ചെലവും ഏറ്റെടുത്ത് നോർക്ക: ജർമനിയിൽ പൊലിഞ്ഞ മലയാളി വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും
കൊളോൺ: ജർമനിയിലെ ബോഹും നഗരത്തിലെ ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ ദാരുണമായി മരണപ്പെട്ട മൂന്ന് മലയാളി വിദ്യാർഥികളുടെയും ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമ സ്ഥാപനമായ നോർക്ക റൂട്ട്സ് വഹിക്കും.
നോർക്ക റൂട്ട്സ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
∙ ദാരുണാന്ത്യം വിഷപ്പുക ശ്വസിച്ച്; പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് പൊലീസ്
കൊല്ലം പെരിനാട് (ചാമക്കട) സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ (ശാന്തിഗ്രാം) സ്വദേശി നോവ സാബു (25) എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ 4.15-ഓടെയുണ്ടായ തീപിടുത്തത്തിൽ വിഷപ്പുക ശ്വസിച്ച് മരണപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തടി കൊണ്ടുള്ള പ്രധാന കോവണിപ്പടിക്ക് ആരോ മനഃപൂർവം തീയിട്ടതിനെ തുടർന്ന് തീ അതിവേഗം പടരുകയും, കനത്ത വിഷപ്പുക മലയാളികൾ താമസിച്ചിരുന്ന രണ്ടാം നിലയിലെ അപ്പാർട്മെന്റിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂവരുടെയും മരണകാരണം വ്യക്തമായതിനാൽ ഇനി പോസ്റ്റ്മോർട്ടം നടത്തേണ്ടതില്ലെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പൊലീസ് ലേഖകനോട് വ്യക്തമാക്കിയിരുന്നു.
∙ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ
മരണപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ചയോടെ പൊലീസ് ഫ്യൂണറൽ ഏജൻസിക്ക് കൈമാറിയിരുന്നു. തുടർന്ന് ബോഹുമിലെ സിവിൽ റജിസ്ട്രേഷൻ ഓഫിസിലെ ഔദ്യോഗിക രേഖാ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ ഫ്യൂണറൽ ഏജൻസിക്ക് കൈമാറി. നിലവിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള അന്തിമ അനുമതികൾക്കായി രേഖകൾ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിൽ എത്തിച്ചിട്ടുണ്ട്.


