ജീവിതങ്ങൾ തകർത്ത മണ്ണിൽ മംഗല്യപ്പന്തൽ; ഗസ്സയിൽ 250 പേർക്ക് വിവാഹം

ഗസ്സ: തലക്കു മുകളിൽ ഏത് നിമിഷവും പതിക്കാവുന്ന ബോംബുകൾ, കൺമുന്നിൽ തകർന്നു വീണ വീടുകൾ, പ്രിയപ്പെട്ടവരുടെ വേർപാട്, യുദ്ധം ബാക്കിവെച്ച മുറിവുകൾക്കിടയിലും അതിജീവനത്തിന്റെ വലിയൊരു സന്ദേശം ലോകത്തിന് നൽകുകയാണ് ഗസ്സ.

ചാരത്തിൽ നിന്ന് പുതിയ ജീവിതം തളിർക്കും പോലെ, തകർന്ന കെട്ടിടങ്ങൾക്കും അഭയാർഥി ക്യാംപുകൾക്കും നടുവിൽ 250 ഫലസ്തീൻ ദമ്പതികൾ ഒന്നിച്ചു. വീടും സമ്പാദ്യവും പ്രിയപ്പെട്ടവരെയുമെല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷ പകർന്നാണ് ഗസ്സയിലെ ഈ സമൂഹവിവാഹം നടന്നത്. ഗസ്സ സിറ്റിയിലെ തീരപ്രദേശത്തുള്ള സീ ക്ലബ്ബിൽ ‘ഡ്രസ് ഓഫ് ജോയ് 3’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിന് യുഎഇയുടെ ‘അൽ ഫാരിസ് അൽ ഷഹീം 3’ ഓപ്പറേഷൻ സപ്പോർട്ട് കമ്മിറ്റിയും സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റബിൾ ഫൗണ്ടേഷനുമാണ് പിന്തുണ നൽകിയത്.

വിവാഹിതരാകാൻ ആയിരക്കണക്കിന് ആളുകളാണ് അപേക്ഷ നൽകിയത്. ലഭിച്ച 11,622 അപേക്ഷകളിൽ നിന്ന് യോഗ്യരായ 1,335 പേരെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തു. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളായ 250 വരന്മാരെ കണ്ടെത്തിയത്.

പരമ്പരാഗത ഫലസ്തീൻ എംബ്രോയ്ഡറി ഡിസൈനുകളുള്ള സുന്ദരമായ വസ്ത്രങ്ങൾ ധരിച്ചാണ് വധുക്കൾ ചടങ്ങിലേക്ക് എത്തിയത്. പൂക്കളും ഫലസ്തീൻ പതാകകളും കൊണ്ട് അലങ്കരിച്ച വാഹനങ്ങളിൽ വരന്മാരും എത്തിയതോടെ തകർന്ന അവശിഷ്ടങ്ങൾക്കിടയിലും ഗാസയിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ തിരികെയെത്തി.

വിവാഹിതരായ ഭൂരിഭാഗം പേർക്കും യുദ്ധത്തിൽ സ്വന്തം വീടുകൾ നഷ്ടപ്പെട്ടതാണ്. ജബാലിയ അഭയാർഥി ക്യാംപിലെ ടെന്റിൽ കഴിയുന്ന സഈദ് അൽ നജ്ജാർ എന്ന വരന്റെ വാക്കുകളിൽ ഈ കൂട്ടായ്മയുടെ പ്രാധാന്യമുണ്ട്— “ഈ സന്തോഷം ഞങ്ങളുടെ 250 പേരുടേത് മാത്രമല്ല, ഗാസയിലെ മുഴുവൻ ജനങ്ങളുടേതുമാണ്. “യുദ്ധത്തിൽ അമ്മയെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട മുനീർ അൽ തതാരിക്ക് സന്തോഷത്തിനിടയിലും പ്രിയപ്പെട്ടവരുടെ ഓർമകൾ കണ്ണീരായി. വീടും സമ്പാദ്യവും നഷ്ടപ്പെട്ട മറ്റൊരു വരനായ മുഹമ്മദ് കുവൈദിറിന് വിവാഹശേഷം ഭാര്യയോടൊപ്പം തിരികെ പോകാൻ ടെന്റ് മാത്രമാണ് ആകെയുള്ള ആശ്രയം.

2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിലെ ബഹുഭൂരിപക്ഷം കെട്ടിടങ്ങളും തകർന്നിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോഴും താത്കാലിക ടെന്റുകളിൽ കഴിയുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജീവിതം ദുസ്സഹമാക്കുമ്പോഴും, പുതിയൊരു ജീവിതം കെട്ടിപ്പടുക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഈ പുതുമണവാളന്മാരും മണവാട്ടിമാരും. യുദ്ധത്തിന്റെ ദുരന്തഭൂമിയിൽ നടന്ന ഈ കല്യാണം ഗാസയിലെ ജനങ്ങളുടെ വിട്ടുനൽകാത്ത അതിജീവനത്തിന്റെയും പ്രത്യാശയുടെയും വലിയൊരു സന്ദേശമാണ് ലോകത്തിന് നൽകുന്നത്.

Share