റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ മുതിർന്ന അമേരിക്കക്കാരനും 5,000 ഡോളർ; വൻ വാഗ്ദാനവുമായി ട്രംപ്
നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇരുസഭകളിലെയും നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കക്കാരനും 5,000 ഡോളർ വീതം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ മിഡ്ടേം കൺവൻഷന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ട്രംപ് ഈ വാഗ്ദാനം നടത്തിയത്. തന്റെ അനുയായികളോട് താൻ തന്നെയാണ് ബാലറ്റിലുള്ളതെന്ന് ‘സങ്കൽപ്പിക്കണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.
“റിപ്പബ്ലിക്കൻമാർ വിജയിച്ചാൽ, നിങ്ങളും ഞങ്ങളോടൊപ്പം വിജയിക്കും. നിങ്ങൾക്ക് 5,000 ഡോളർ ലഭിക്കും. ഇതിനെ ‘ട്രംപ് ഡിവിഡന്റ്’ എന്ന് വിളിക്കും,” കൺവൻഷനിൽ ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകൾക്കെതിരെ അഭിപ്രായ സർവേകളിൽ പിന്നിലായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
അതേസമയം, കുറഞ്ഞത് ഒരു ട്രില്യൺ ഡോളറെങ്കിലും ചെലവ് വരാൻ സാധ്യതയുള്ള ഈ നിർദേശം സാമ്പത്തികമായും രാഷ്ട്രീയമായും പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. പണം എവിടെനിന്ന് കണ്ടെത്തുമെന്ന കാര്യത്തിൽ ട്രംപ് വ്യക്തത നൽകിയില്ല. “നമ്മുടെ രാജ്യം വളരെയധികം പണം സമ്പാദിക്കുന്നുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ട്രംപിന്റെ ആത്മവിശ്വാസം
നവംബർ 3ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകളെ മറികടന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് പ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്താനാകുമെന്ന തന്റെ പ്രതീക്ഷ ട്രംപ് ആവർത്തിച്ചു. “ഞാൻ ബാലറ്റിലുണ്ടെന്ന് നിങ്ങൾ സങ്കൽപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്,” അദ്ദേഹം പറഞ്ഞു.
അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവേകളിൽ ട്രംപിന്റെ അംഗീകാര നിരക്ക് 30 ശതമാനത്തിന്റെ താഴ്ന്ന നിരക്കിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉയർന്ന വിലക്കയറ്റവും ഇറാനെതിരെ അദ്ദേഹം ആരംഭിച്ച യുദ്ധവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വോട്ടർമാരുടെ അതൃപ്തി വർധിച്ചുവരികയാണ്. നവംബറിൽ ഡെമോക്രാറ്റുകൾ പ്രതിനിധിസഭയിൽ 230–205 എന്ന നിലയിൽ വിജയിക്കുമെന്നും സെനറ്റിൽ 51–49 ഭൂരിപക്ഷം നേടുമെന്നും Decision Desk HQ പ്രവചിക്കുന്നു.
പ്രസംഗത്തിലുടനീളം ഇറാനിലെ യുദ്ധത്തെക്കുറിച്ച് ട്രംപ് നിരവധി തവണ സംസാരിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് തന്റെ പേരിടണമെന്നും ട്രംപ് നിർദേശിച്ചു. യുദ്ധത്തിൽ വിജയം നേടുമെന്നും അതോടെ എണ്ണവില കുറയുമെന്നും അദ്ദേഹം പ്രവചിച്ചു.
“ഭക്ഷ്യവിലകളും മറ്റെല്ലാ സാധനങ്ങളുടെയും വിലയും അതിവേഗം താഴുകയാണ്. ഇറാനുമായുള്ള യുദ്ധത്തിൽ വിജയിച്ചാൽ എണ്ണവിലയും താഴും. ആ യുദ്ധം ഇപ്പോൾ നടക്കുകയാണ്,” ട്രംപ് പറഞ്ഞു.
അമേരിക്കയുടെ വ്യാപാര പങ്കാളികൾക്കെതിരെ വ്യാപകമായ തീരുവ ഏർപ്പെടുത്തിയ നടപടിയെയും ട്രംപ് ന്യായീകരിച്ചു. അതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവന്നാലും അത് ഗുണകരമായിരിക്കുമെന്ന് അദ്ദേഹം വാദിച്ചു. അമേരിക്കയെ കമ്മ്യൂണിസത്തിന്റെ ഒരു തരംഗം ഭീഷണിപ്പെടുത്തുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അവർ വിജയിച്ചാൽ ഇത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി മാറും, അദ്ദേഹം പറഞ്ഞു.
അടുത്ത 250 വർഷത്തേക്കുള്ള നമ്മുടെ രാജ്യത്തിന്റെ മുന്നേറ്റം തുടക്കത്തിൽ തന്നെ തടസ്സപ്പെടുമോ, അതോ മുന്നോട്ട് കുതിച്ച് ഒരിക്കലും പിന്നോട്ടുനോക്കാതെ മുന്നേറുമോ എന്നത് നിങ്ങളുടെ വോട്ടാണ് തീരുമാനിക്കുക, ട്രംപ് കൂട്ടിച്ചേർത്തു.


