ജർമനിയിൽ ഫ്ലാറ്റിനു തീപിടിച്ച് 2 മലയാളികൾ അടക്കം 3 ഇന്ത്യക്കാർ മരിച്ചു, 5 പേർക്കു പരുക്ക്
ബെർലിൻ: ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ അടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27) എന്നിവരാണ് കൊല്ലപ്പെട്ട മലയാളികൾ.
അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിലാണ്. കെട്ടിടത്തിനു തീവച്ചതാണെന്ന സംശയത്തിൽ ഒരു റൊമാനിയൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. നോവ 6 മാസം മുന്പാണ് ജർമനിയിലെത്തിയത്.
അഞ്ജലി ഈ വർഷം ജൂലൈയിൽ ആണ് ജർമനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ആയിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്.
ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലെ ഫ്ലാറ്റിൽ ചൊവ്വ പുലർച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയെത്തിയാണ് വലിയ തോതിൽ വ്യാപിച്ച തീ അണച്ചത്. കനത്ത തീയും പുകയും മൂലം മുകളിലുള്ള നിലകളിലേക്കു കയറാൻ ബുദ്ധിമുട്ടായിരുന്നെന്നും തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
മുകളിലുള്ള ഫ്ലാറ്റിൽനിന്നാണ് മൂന്നു മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ച് അവശരായ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.
അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ റൊമാനിയൻ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.


