മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം; സണ്ണി ജോസഫ് ഉറപ്പിച്ച റവന്യൂ അനിൽ കുമാറിന്

തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം ദിനം മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം. ‌ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിനു നൽകണമെന്ന ലത്തീൻ സഭയുടെ ആവശ്യം പരിഗണിച്ചില്ല. പകരം ലീഗ് നേതാവ് വി.ഇ. അബ്ദുൽ ഗഫൂറിനു ഫിഷറീസ് വകുപ്പ് നൽകി.

ഫിഷറീസ് തിരികെ നൽകണമെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് വേണമെന്ന ലീഗിന്റെ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങിയില്ല. അവസാനനിമിഷം വരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉറപ്പിച്ച റവന്യു വകുപ്പ് അനിൽകുമാറിന് ലഭിച്ചു. പകരം സണ്ണി ജോസഫിന് വൈദ്യുതി നൽകി. ദേവസ്വം കെ. മുരളീധീരന് നൽകില്ലെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആരോഗ്യം, ദേവസ്വം വകുപ്പുകൾ അദ്ദേഹം ഉറപ്പിച്ചു.

വകുപ്പ് വിഭജനത്തിൽ തർക്കമില്ലെന്നും അതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്തയാണെന്നുമായിരുന്നു മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ മറുപടി. വകുപ്പ് വിഭജന ചർച്ച നേരത്തെ പൂർത്തിയാക്കി. ഗവർണർ ഇന്നലെ ലോക്ഭവനിൽ ഇല്ലായിരുന്നതിനാലാണ് വിജ്ഞാപനം വൈകിയതെന്നും ഇന്ന് രാവിലെ പട്ടിക കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പിന്റെ ചുമതല ആർക്കും നൽകിയിട്ടില്ല.

മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ:

വി.ഡി.സതീശന്‍ – ധനം, നിയമം, തുറമുഖം, വിമാനത്താവളം, മെട്രോ റെയില്‍

രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, കയർ

കെ.മുരളീധരന്‍ – ആരോഗ്യം, ദേവസ്വം

എ.പി.അനില്‍കുമാര്‍ – റവന്യൂ

സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്റികാര്യം

ബിന്ദു കൃഷ്ണ – തൊഴില്‍, വനിതാ ശിശുക്ഷേമം

എം.ലിജു – സഹകരണം, എക്‌സൈസ്

പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം, സിനിമ

ടി.സിദ്ദിഖ് – കൃഷി, വെയര്‍ഹൗസിങ് കോര്‍പറേഷന്‍

റോജി എം ജോണ്‍ – ഉന്നതവിദ്യാഭ്യാസം

ഒ.ജെ.ജനീഷ് – കായികം, യുവജനക്ഷേമം, റജിസ്‌ട്രേഷന്‍

കെ.എ.തുളസി – പിന്നാക്ക ക്ഷേമം

പി.കെ.കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി

വി.ഇ.അബ്ദുള്‍ ഗഫൂര്‍ – ഫിഷറീസ്, സാമൂഹ്യക്ഷേമം

പി.കെ.ബഷീര്‍ – പൊതുമരാമത്ത്

കെ.എം.ഷാജി – തദ്ദേശഭരണം

എന്‍.ഷംസുദീന്‍ – പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

മോന്‍സ് ജോസഫ് – ജലവിഭവം, ഭവനനിര്‍മാണം

ഷിബു ബേബി ജോണ്‍ – വനം, നൈപുണ്യവികസനം

സി.പി.ജോണ്‍ – ഗതാഗതം

അനൂപ് ജേക്കബ് – ഭക്ഷ്യം സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി

Share