മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവ്; ‘ജയിലർ 2’ നാളെ മുതൽ തിയറ്ററുകളിൽ

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലർ 2 നാളെ(ഒക്ടോബർ 15) മുതൽ തിയറ്ററുകളിൽ എത്തും. തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ചെറുതല്ലാത്ത പ്രതീക്ഷ തന്നെ പ്രൊമോഷൻ മെറ്റീരിയലുകളിലൂടെ നൽകി കഴിഞ്ഞു.

മാസും ആക്ഷനും സ്വാ​​ഗും താരസമ്പന്നവുമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ നാളെ പുൽച്ചെ 6 മണിക്ക് ആരംഭിക്കും. കേരളത്തിലെ എണ്ണൂറോളം സ്ക്രീനുകളിൽ റെക്കോർഡ് റിലീസായാണ് ജയിലർ 2 എത്തുക.

ആദ്യ ഭാഗത്തേക്കാൾ മാസ് ആയി, മെഗാ കാൻവാസിൽ ആണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. വമ്പൻ ആക്ഷൻ, ചടുലമായ ഗാനങ്ങൾ, വൈകാരിക രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് ആയ അവതരണം, നെൽസൺ ദിലീപ്കുമാർ ട്രേഡ് മാർക്ക് ആയ ബ്ലാക്ക് ഹ്യൂമർ എന്നിവയെല്ലാം കോർത്തിണക്കിയാണ് രണ്ടാം ഭാഗവും കഥ പറയുന്നതെന്നാണ് സൂചന.

ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിൻ്റെ രണ്ടാം വരവാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ.

സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.

Share