സൗദിയിൽ റോഡിന് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദമാം: സൗദിയിലെ ജുബൈൽ ഹൈവേയിൽ റോഡിന് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജുബൈൽ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി എം.വി.ഷൗക്കത്തലി (55) ആണ് മരിച്ചത്.

സെയിൽസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഷൗക്കത്തലി റിയാദിൽ നിന്നും ജുബൈലിലേക്ക് ജോലിയുടെ ഭാഗമായുള്ള യാത്രക്കിടെയാണ് ഇന്ന്(തിങ്കൾ) രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്.

ഹൈവേയിൽ പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് വാഹനം നിർത്തി റോഡ് കുറുകെ കടക്കുന്നതിനിടെ പാഞ്ഞെത്തിയ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. വഴിയിൽ കാർ പഞ്ചറായി കിടക്കുന്നതായി ഷൗക്കത്തലി സുഹൃത്തിനെ വിളിച്ചറിയിച്ചതിനു പിറകെയാണ് വാഹനാപകടത്തിൽ മരിച്ചതായുളള വിവരം ലഭിച്ചത്.

20 വർഷമായി സൗദിയിൽ പ്രവാസിയാണ്. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെഎംസിസി വെൽഫെയർ വിഭാഗം ഭാരവാഹികളായ ഹുസൈൻ നിലമ്പൂരിന്റെയും ഇഖ്ബാൽ ആനമങ്ങാടിന്റെയും നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. കബറടക്കം പിന്നീട് നാട്ടിൽ.

Share